hos
പുനലൂർ ഗവ, താലൂക്ക് ആശുപത്രിയോട് ചേർന്ന് 4 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ജില്ലാ കാൻസർ കെയർ യൂണിറ്റിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.രാജു നിർവഹിക്കുന്നു

പുനലൂർ: പുനലൂർ ഗവ. താലൂക്ക് ആശുപത്രിയോട് ചേർന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും 4 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ജില്ലാ കാൻസർ കെയർ യൂണിറ്റിന്റെ ശിലാസ്ഥാപനവും മന്ത്രി കെ.രാജു നിർവഹിച്ചു. താലൂക്ക് ആശുപത്രിയിൽ 92 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പത്ത് നിലയുള്ള ബഹുനില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അടുത്ത മാസം നാടിന് സമർപ്പിക്കാനാകും. ഇത് കണക്കിലെടുത്താണ് പഴയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. ഇതോടെപ്പം മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കാനുള്ള പദ്ധതിയും താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഡോ. വിന്നി ആന്റണി പദ്ധതി വിശദീകരിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുഭാഷ്.ജി.നാഥ്, വി.ഓമനക്കുട്ടൻ, ബി.സുജാത, അംജത്ത് ബിനു, സാബു അലക്സ്, മുൻ നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ, വാർഡ് കൗൺസിലർ സുരേന്ദ്രനാഥ തിലകൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, പി.ബാനർജി,സി.വിജയകുമാർ, സുരേഷ് കുമാർ ബാബു തുടങ്ങിയവർ സംസാരിച്ചു.