കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ 2020 - 21 അദ്ധ്യയന വർഷത്തിൽ എല്ലാ ക്ലാസുകളിലേയ്ക്കും ഒരു അഡീഷണൽ ബാച്ച് കൂടി അനുവദിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ നിരവധി മടങ്ങ് അധികം വിദ്യാർത്ഥികളാണ് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. സ്കൂളിൽ എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നതിനുള്ള ലൈബ്രറി, ലബോറട്ടറികൾ, ക്ലാസ് മുറികൾ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. കൂടുതൽ ഡിവിഷനുകൾ അനുവദിക്കാത്തതിനാൽ നിലവിൽ എല്ലാ ക്ലാസുകളിലും അനുവദനീയമായ എണ്ണത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം കിട്ടുമ്പോൾ കുട്ടികളെ കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നു. സ്ഥലം മാറിവരുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് പ്രവേശനം നൽകാൻ സ്കൂൾ അധികൃതർക്ക് ബാദ്ധ്യതയുള്ളതിനാൽ എല്ലാ ക്ലാസുകളിലും അധികം കുട്ടികളെ പ്രവേശിപ്പിക്കേണ്ടിവരുന്നു. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
എല്ലാ ക്ലാസുകളിലേയ്ക്കും കൂടുതൽ ഡിവിഷനുകൾ അനുവദിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം നിലനിൽക്കുമ്പോൾ കൂടുതൽ ഡിവിഷനുകൾ അനുവദിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. ആയതിനാൽ കൊല്ലം കേന്ദ്രീയ വിദ്യാലത്തിൽ എല്ലാ ക്ലാസുകളിലേയ്ക്കും 2020-21 അദ്ധ്യയന വർഷം തന്നെ അധിക ഡിവിഷൻ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.