photo

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണമുള്ള മനോഹരമായ കെട്ടിടമാണ് ഇവിടെ നിർമ്മിച്ചത്. യൂണിയന്റെ ഓഫീസ് സമുച്ചയത്തിന് മുൻ യോഗം വൈസ് പ്രസിഡന്റ് കെ.എൻ. സത്യപാലന്റെയും പ്രാർത്ഥനാ ഹാളിന് മുൻ യൂണിയൻ പ്രസിഡന്റ് ഗുരുദാസിന്റെയും നാമമാണ് നൽകിയിട്ടുള്ളത്.

ഗുരുക്ഷേത്രവും കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളുമാണ് ഓഫീസ് സമുച്ചയത്തോട് അനുബന്ധിച്ചുണ്ടാവുക. ബാങ്ക്, വ്യവസായ-വ്യാപാര സ്ഥാപനങ്ങൾ എന്നിവ രണ്ട് നിലകളിലായി ക്രമീകരിക്കും. മന്ദിരത്തിന്റെ മുന്നിലായി മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറുടെ പൂർണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം കൊട്ടാരക്കര പട്ടണത്തിന്റെ തിലകക്കുറിയായി മാറും. മിനി സിവിൽ സ്റ്റേഷനും പോസ്റ്റ് ഓഫീസും ഗണപതി ക്ഷേത്രവുമൊക്കെ സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ പ്രധാന കേന്ദ്രത്തിലാണ് മന്ദിരം സ്ഥാപിച്ചത്.

ഉദ്ഘാടനം 8ന്

പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം 8ന് രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് എം.എൻ. സോമൻ ജി. ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും മുതിർന്ന നേതാക്കൻമാരെ ആദരിക്കലും നിർവഹിക്കും.

കെ.എൻ. സത്യപാലൻ സ്മാരക ഓഫീസ് സമുച്ചയം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ ക്ഷേത്രസമർപ്പണം നടത്തും. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കലാപ്രതിഭകളെ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദരിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണവും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, യോഗം കൗൺസിലർമാർ, ബോർഡ് മെമ്പർമാർ, യൂണിയൻ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് നേതാക്കൾ എന്നിവർ പങ്കെടുക്കും.