കൊല്ലം: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹെൽമെറ്റ് വിതരണവുമായി പൊലീസ്. ടി.സി.എൽ എന്ന കമ്പനിയുമായി ചേർന്ന് സിറ്റി പൊലീസ് നടപ്പാക്കുന്ന 'ക്രൗൺ ഒഫ് സേഫ്റ്റി' പദ്ധതിയുടെ ഭാഗമായാണ് 100 ഹെൽമെറ്റുകൾ സൗജന്യമായി വിതരണം ചെയ്തത്.
ഇന്നലെ രാവിലെ ചിന്നക്കടയിൽ കമ്മിഷണർ ടി. നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് വികലാംഗരായ ഇരുചക്ര വാഹന യാത്രക്കാർക്ക് സൗജന്യമായി ഹെൽമെറ്റുകൾ നൽകി. ഉച്ചയ്ക്ക് 12ന് അയത്തിൽ മേയർ ഹണി ബെഞ്ചമിൻ ഇരുചക്ര വാഹനയാത്രക്കാരായ നിർഭയ വോളന്റിയേഴ്‌സിനും പള്ളിമുക്കിൽ വൈകിട്ട് പാൽ, പത്ര വിതരണക്കാർക്കും ബൈക്ക് യാത്രയ്ക്കിടയിൽ പരിക്കുപറ്റി വീൽച്ചെയറിൽ കഴിയുന്ന വാളത്തുംഗൽ സ്വദേശി പ്രതാപനും ഹെൽമെറ്റുകൾ നൽകി.
വൈകിട്ട് കൊല്ലം ബീച്ചിൽ നടന്ന ബോധവൽക്കരണ പരിപാടി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇരുചക്രവാഹന യാത്രക്കാരായ മത്സ്യത്തൊഴിലാളികൾക്കും ഹെൽമെറ്റ് നൽകി.
പദ്ധതിയുടെ പ്രചാരണാർത്ഥം രാവിലെ കളക്‌ടറേറ്റ് മുതൽ ചിന്നക്കട വരെയും മേവറം മുതൽ അയത്തിൽ വരെയും വൈകിട്ട് റെസ്റ്റ് ഹൗസ് മുതൽ ബീച്ച് വരെയും ബൈക്ക് റാലി സംഘടിപ്പിച്ചു. കമ്മിഷണർ ടി. നാരായണൻ, എ.സി.പിമാരായ എം. അനിൽകുമാർ, പ്രദീപ്കുമാർ, സി.ഐ ഷെരീഫ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എസ്.ഐ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.