കൊല്ലം: ഇരുവശങ്ങളിലെയും നടപ്പാതയുൾപ്പെടെ വാഹനങ്ങൾ കൈയേറിയതോടെ റെയിൽവേ സ്റ്റേഷൻ - കർബല റോഡ് അപകട മുനമ്പായി മാറി. അനധികൃത പാർക്കിംഗ് മൂലം കണ്ണനല്ലൂരിലേക്കുള്ള ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായിരിക്കുകയാണ്.
പിഴ ചുമത്തിയിട്ടും രക്ഷയില്ല
കഴിഞ്ഞ രണ്ട് ദിവസമായി ബസ് സ്റ്റാൻഡിനോട് ചേർന്ന് പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തിയെങ്കിലും ഇന്നലെയും പഴയപടിയായിരുന്നു കാര്യങ്ങൾ. പിഴ ലഭിച്ചവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറുമ്പോൾ പുതിയവർ ഒഴിഞ്ഞ സ്ഥലങ്ങൾ കൈയടക്കുകയായിരുന്നു.
ദീർഘദൂര യാത്രക്കാർ ദിവസങ്ങളോളം തുടർച്ചയായി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാറുണ്ട്. വാഹനങ്ങൾ ഇടയ്ക്കിടെ മോഷണം പോകാറുണ്ടെങ്കിൽ പോലും സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യാൻ ആരും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കർബലയിലെയും ക്യു.എ.സിയിലേയും വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോകുന്നവരും കോളേജ് ജംഗ്ഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും സ്ഥിരമായി ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റോഡ് വക്കും നടപ്പാതയും പൂർണമായും വാഹനങ്ങൾ കൈയടക്കിയതോടെ വിദ്യാർത്ഥികളടക്കം ഇപ്പോൾ നടുറോഡിലൂടെയാണ് സഞ്ചരിക്കുന്നത്. എല്ലാദിവസവും ചെറിയ ഒരു അപകടമെങ്കിലും റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്ത് നടക്കാറുണ്ടെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
അപകടങ്ങൾ ഉണ്ടാകുമ്പോൾ ഗതാഗതം ക്രമീകരിക്കാനായി ക്രെയിൻ എത്തിച്ചാണ് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ നീക്കം ചെയ്യുന്നത്. കൊട്ടിയം ഭാഗത്തേക്കുള്ള ബസുകൾ റെയിൽവേ ക്യു.എ.സി വഴി എത്തുന്നതിനാൽ ഈ റോഡിൽ വാഹനങ്ങളുടെ വൻതിരക്ക് അനുഭവപ്പെടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.
സ്വന്തം ജീവൻ അവനവൻ നോക്കണം
വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം റെയിൽവേ സ്റ്റേഷൻ കർബല റോഡിൽ കാൽനടയാത്രികർ റോഡിന്റെ മദ്ധ്യഭാഗത്തേക്ക് പോലും ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് നിലവിൽ. ചീറിപ്പാഞ്ഞടുക്കുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്വയം സൂക്ഷിക്കുക മാത്രമേയുള്ളു പോംവഴി. വലിയ വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും സ്ഥലമില്ലാത്തതിനാൽ ഇരുചക്രവാഹന യാത്രികരും ജാഗ്രതയോടെ സഞ്ചരിക്കേണ്ട സാഹചര്യമാണ്.