കൊല്ലം: ദേവനന്ദ കടന്നുപോയി ഏഴ് ദിനങ്ങൾ പിന്നിടുമ്പോഴും കുടവട്ടൂർ നന്ദനം വീട്ടിൽ തേങ്ങലടങ്ങുന്നില്ല, മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുകയാണ് കുടുംബാംഗങ്ങൾ. മകൾ ഒറ്റയ്ക്ക് പുഴക്കരയിലേക്ക് പോകില്ലെന്ന് ഇന്നലെയും പിതാവ് പ്രദീപ് കേരളകൗമുദിയോട് പറഞ്ഞു.
മകളെ കാണാതായെന്ന വാർത്തയറിഞ്ഞാണ് പ്രദീപ് മസ്കറ്റിൽ നിന്ന് വെപ്രാളപ്പെട്ടാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് വിമാനമിറങ്ങി വീട്ടിലേക്ക് പായുമ്പോഴും മകൾ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞത് ആ പിതാവ് അറിഞ്ഞിരുന്നില്ല. മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകനെ ആദ്യമായി കാണുന്നതും മൂത്ത മകളുടെ ചേതനയറ്റ ശരീരം കാണുന്നതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്.
കഴിഞ്ഞ മാർച്ചിലാണ് പ്രദീപ് മസ്കറ്റിലേക്ക് പോയത്. അവിടെ നഗരസഭയിലെ ഡ്രൈവറാണ്. മൂന്ന് വർഷം മുൻപ് നിർമ്മിച്ച വീടിന് ലോണുണ്ട്. തൈറോയ്ഡ് വന്നത് കണ്ണിനെ ബാധിച്ചതിന്റെ അസ്വസ്ഥതകൾ ഏറെയുണ്ടെങ്കിലും ബാങ്ക് വായ്പ തീർക്കാതെ അവധിയെടുത്ത് ചികിത്സിക്കാനാവില്ല. അതിന്റെ വിഷമങ്ങളിൽ വീർപ്പുമുട്ടുമ്പോഴാണ് പൊന്നുമോൾ മരണത്തെ പുൽകിയത്. ഈ മാസം 25 വരെയാണ് പ്രദീപിന് അവധിയുള്ളത്. അതുകഴിഞ്ഞാൽ മസ്കറ്റിലേക്ക് തിരിച്ചുപോകണം. അതിന് മുൻപ് മരണത്തിന് പിന്നിലെ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പ്രദീപ്. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പ്രദീപ് ആവർത്തിക്കുന്നു.
കുടവട്ടൂരിലെ വീടിന് മുന്നിലും തോടുണ്ട്. അതിലിറങ്ങാനോ കളിക്കാനോ പോകാത്ത കുട്ടിയാണ്. "തോടും വെള്ളവുമൊക്കെ പേടിയാണവൾക്ക്. ഒരു വർഷം മുൻപ് വീട്ടിൽ നിന്ന് അര കിലോ മീറ്റർ ദൂരം ഒറ്റയ്ക്ക് നടന്നുപോയെന്നത് സത്യമാണ്. അന്ന് ഞാൻ വീട്ടിലുള്ള സമയമാണ്. അര കിലോമീറ്റർ അകലെയുള്ള ഒരു ചേച്ചി വിവരം വിളിച്ചുപറഞ്ഞു. അടുത്ത നിമിഷം തന്നെ അവൾ ഓടി തിരികെയെത്തുകയും ചെയ്തു. അതൊക്കെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിന് ശേഷം മോളെ ഒരുപാട് ഉപദേശിച്ചു. പറഞ്ഞാൽ ഉൾക്കൊള്ളുന്ന കുട്ടിയാണ്.
വീടിന് പിന്നിൽകൂടി കുട്ടിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല. അവിടെ പൊക്കമുള്ള മതിൽ ചാടിക്കടക്കാനാവില്ലല്ലോ. ചെരിപ്പില്ലാതെ പുറത്തേക്ക് ഇറങ്ങാറുമില്ല. അപ്പോൾ ആരെങ്കിലും എടുത്തുകൊണ്ടുപോയിക്കാണും - പ്രദീപ് പറഞ്ഞു. ചൊവ്വാഴ്ച അഞ്ചാം ദിനത്തിന്റെ ചടങ്ങുകൾ കഴിഞ്ഞതോടെ ബന്ധുക്കളും കുടവട്ടൂരിലെ വീട്ടിൽ നിന്ന് പോയി. ഇപ്പോൾ ഭാര്യ ധന്യയും ഇളയ കുട്ടിയും ധന്യയുടെ മാതാപിതാക്കളും മാത്രമാണ് പ്രദീപിനൊപ്പം കുടവട്ടൂരിലെ വീട്ടിലുള്ളത്.