ഓച്ചിറ: അങ്കണവാടി കെട്ടിടം നിർമ്മിക്കാനായി പഞ്ചായത്ത് അനുവദിച്ച സ്ഥലത്തെ നിർമ്മാണം തടയുകയും അവിടെ കൊടികുത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്തിന്റെ ആസ്ഥിയിലുള്ള 4 സെന്റോളം സ്ഥലം അനുവദിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും അനുവദിച്ചു. പണി എടുത്ത കരാറുകാരൻ സാധനങ്ങൾ ഇറക്കി പണി തുടങ്ങാനിരിക്കെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊടി നാട്ടിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്തംഗം സീമ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതി സെക്രട്ടറി മനോജിനെ ഉപരോധിച്ചത്. എ.ഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽനടപടികൾ കൈക്കൊള്ളാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ഉപരോധം പിൻവലിച്ചത്.