തൊടിയൂർ: കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളം തിളപ്പിച്ചു കൊണ്ടിരിക്കവേ പാചകവാതകം ചോർന്ന് മുഴങ്ങോടി എസ്.പി.എസ്.എസ്.യു.പി സ്കൂളിന്റെ പാചകപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് തീപിടുത്തമുണ്ടായത്. പ്രധാനപാചകക്കാരി കുഞ്ഞുലക്ഷ്മി അമ്മ (70), സഹായികളായ ഗീത, വസന്ത എന്നിവർ ഈ സമയം പാചകപ്പുരയിൽ ഉണ്ടായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മറ്റൊരു പാചക വാതക സിലിണ്ടർ ഇവർ പുറത്തേക്ക് മാറ്റി. എന്നാൽ അരിയും പല വ്യഞ്ജനങ്ങളും പാത്രങ്ങളും തീപിടിച്ച് നശിച്ചു. മിക്സി, കുക്കർ തുടങ്ങിയവ കത്തിയമർന്നു. സംഭവമറിഞ്ഞ് കരുനാഗ പ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സും മണപ്പള്ളി എയ്ഡ് പോസ്റ്റിൽ നിന്ന് പൊലീസും സ്ഥലത്തെത്തി. ഹെഡ്മാസ്റ്റർ ഷാജഹാൻ, അദ്ധ്യാപകരായ രജിത, പുഷ്പലത, മായ, പാർവതി, ഗീതാ ബി. തുരുത്തി, ഓഫീസ് അസിസ്റ്റന്റ് നൗഫൽ, സ്ക്കൂൾ ബസ് ഡ്രൈവർമാരായ നടരാജൻ, സുനിൽ ,ശിവൻപിള്ള, രാജു എന്നിവർ ചേർന്ന് ഇതിനകം കുട്ടികളെ സുരിക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിതിരുന്നു. ഫയർഫോഴ്സ് പൂർണമായി തീകെടുത്തി. കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ് പാചകപ്പുര.