kannappan
ഒഴിഞ്ഞ് കിടക്കുന്ന പൊഴിക്കര ക്ഷേത്രത്തിന് സമീപത്തെ ഗവ. റെസ്റ്റ് ഹൗസ്

പരവൂർ : പൊഴിക്കര തീരദേശത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിന് തടയിടാൻ തീരദേശത്ത് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. ഒഴിഞ്ഞ് കിടക്കുന്ന പൊഴിക്കര ക്ഷേത്രത്തിന് സമീപത്തെ ഗവ. റെസ്റ്റ് ഹൗസിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പരവൂർ ജംഗ്ഷനിൽ വാഹനാപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ക്ഷേത്രോത്സവങ്ങളുടെ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകൾ ജംഗ്ഷനിലെത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. മിക്കപ്പോഴും ഇത്തരം സമയത്ത് മതിയായ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലെന്നുള്ളതാണ് വാസ്തവം. ഈ കാര്യം ഉന്നയിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് നിവേദനം നൽകാൻ നാട്ടുകാർ തീരുമാനിച്ചു.


തീരദേശ ഔട്ട് പോസ്റ്റ് സ്ഥാപിക്കണം
പരവൂർ ജംഗ്ഷനിൽ ആലിന്റെ ചുവട്ടിലുള്ള പഴയ കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമാണ്. അവിടെ 2 പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണം. അതോടൊപ്പം പൊഴിക്കര റസ്റ്റ് ഹൗസിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. പരവൂർ സ്റ്റേഷനിലെ വനിതാ പൊലീസിനെ ജംഗ്ഷനിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം.

അഡ്വ. പി. ഗോപാലകൃഷ്‌ണൻ (പരവൂർ നഗര വികസന സമിതി വൈസ് പ്രസിഡന്റ് )

യുവാക്കളുടെ ബൈക്ക് റൈസിംഗ്

പരവൂരിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണ്. ഇവിടെ അടിക്കടിയുണ്ടാകുന്ന ഒറ്റപ്പെട്ട സംഘർഷങ്ങൾ പരിഹരിക്കാൻ പരവൂർ ജംഗ്ഷനിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് ഇടണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിലുള്ള യുവാക്കളുടെ ബൈക്ക് റൈസിംഗ് പരവൂരിൽ പതിവാണ്. അപകടകരമായി ബൈക്ക് റൈസിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യാത്രക്കാ‌ർ ഒന്നടങ്കം ആവശ്യപ്പെടുന്നു.