കേരളകൗമുദി വാർത്താസംഘം
ആർ.ഹരിപ്രസാദും ബി.ഉണ്ണിക്കണ്ണനും എം.എസ്.ശ്രീധർലാലും കളക്ടറേറ്റിൽ കണ്ട കാഴ്ചകൾ
കൊല്ലം: 'സർ, കളക്ടറേറ്റ് ആദ്യം സേഫാക്കണം', വിവിധ സർക്കാർ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് സേഫ് കൊല്ലം എന്ന പേരിൽ പദ്ധതി നടപ്പാക്കുന്ന കളക്ടറോട് ഇവിടെയെത്തുന്ന ആരും ഇങ്ങനെ പറഞ്ഞുപോകും.
രണ്ടും മൂന്നും നാലും നിലകളിലെ ഫ്യൂസ് ബോർഡുകളുടെ അടിയിലെല്ലാം കൂനപോലെ വർഷങ്ങൾ പഴക്കമുള്ള ഇരുമ്പ് ഉപകരണങ്ങളും ഉപേക്ഷിച്ച ഫർണീച്ചറുകളും കൂട്ടിയിട്ടിരിക്കുകയാണ്. ഇലക്ട്രിക് സംവിധാനങ്ങൾക്കരികെ കൂട്ടിയിട്ടുള്ള പാഴ്‌വസ്തുക്കൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫയർഫോഴ്സ് പല തവണ മുൻ കളക്ടർമാർക്ക് കത്ത് നൽകിയിരുന്നെലും ഒന്നും നടന്നില്ല.
ഒരു തീപ്പൊരി മതി, കത്തി വെണ്ണീറാകും
ഒരു തീപ്പൊരി വീണാൽ എല്ലാം കത്തി വെണ്ണീറാകുന്ന അവസ്ഥയിലാണ് കളക്ടറേറ്റിപ്പോൾ. അഗ്നിബാധയോ സ്ഫോടനമോ ഉണ്ടായാൽ ഫയർഫോഴ്സിന് കടന്നുവരാനാകാത്ത വിധം വഴികൾ നിറയെ വാഹനങ്ങളാണ്. ജീവനക്കാരും അഭിഭാഷകരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും അടക്കം ഏറ്റവും കുറഞ്ഞത് 1500 പേരെങ്കിലും ഏപ്പോഴും ഇവിടെയുണ്ടാകും. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ പൂർണമായും വാഹനങ്ങൾ കൈയടക്കിയിരിക്കുന്നതിനാൽ ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ഓടി രക്ഷപ്പെടാനും പ്രയാസമാണ്. കളക്ടറേറ്റ് പോലുള്ള പ്രധാനപ്പെട്ട ഓഫീസ് കോമ്പൗണ്ടുകൾക്കുള്ളിൽ പാർക്കിംഗ് അനുവദിക്കരുതെന്ന് ചട്ടമുണ്ടെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. സ്ഫോടനങ്ങളോ അഗ്നിബാധയോ ഉണ്ടായാൽ വാഹനങ്ങളുടെ ഇന്ധനങ്ങളും കത്തിപ്പടർന്ന് അപകടത്തിന്റെ തീവ്രത കൂടുതൽ രൂക്ഷമാകും. നാല് വർഷം മുൻപുണ്ടായ ചെറിയ സ്ഫോടനത്തിന് പിന്നാലെ കാൽനട യാത്രക്കാർക്കായുള്ള വിക്കറ്റ് ഗേറ്റുകളും പൂട്ടിയിരിക്കുകയാണ്.
പടികയറി കുഴഞ്ഞമ്പോ...
ഓടനാവട്ടം സ്വദേശിയായ ഈ വൃദ്ധ കളക്ടറേറ്റിലെ റവന്യൂ ഓഫീസുകളിൽ ഒന്നിൽ വന്നതാണ്. ഒരു പടി കയറിയ ശേഷം കുറച്ചുനേരം നിന്ന് ആയ്പ്പ് അടങ്ങിയിട്ടാണ് അടുത്ത പടികയറുന്നത്. കളക്ടറേറ്റിൽ ലിഫ്ടുണ്ടെങ്കിലും ഓപ്പറേറ്റർ ഇല്ലാത്തതിനാൽ പ്രായമായവർ ഉപയോഗിക്കാൻ മടിക്കുകയാണ്.
ഭിന്നശേഷിക്കാരായ മക്കളെ തോളിൽ ചുമന്നാണ് പ്രായമുള്ള അച്ഛനമ്മമാർ പടികൾ കയറുന്നത്. ലിഫ്ട് കൂടുതലായും ജീവനക്കാരും അഭിഭാഷകരുമാണ് ഉപയോഗിക്കുന്നത്. നാല് നിലകളുണ്ടെങ്കിലും മൂന്നാം നില വരെയേ ലിഫ്ട് എത്തുകയുള്ളു.
പേര് കളക്ടറേറ്റ്, നിറയെ കോടതികൾ
കളക്ടറേറ്റിന്റെ ഒന്നാം നിലയിൽ നിറയെ കോടതികളാണ്. ആകെ ട്രഷറി മാത്രമാണ് താഴെ പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രണ്ടാം നിലയിലും കാൽ ഭാഗത്തോളം കോടതികളാണ്. രണ്ടും മൂന്നും നാലും നിലകളിലെ ശേഷിക്കുന്ന സ്ഥലത്താണ് 44 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. കളക്ടറേറ്റിൽ സ്ഥലം ഇല്ലാത്തതിനാൽ പല വകുപ്പുകളുടെയും ജില്ലാ ഓഫീസുകൾ പുറത്ത് വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഓഫീസുകൾ തിരക്കി നടന്ന് തളരും
44 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കളക്ടറേറ്റിൽ ഏതൊക്കെ ഓഫീസുകൾ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുന്ന ബോർഡുകളില്ല. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ഓഫീസുകളും പടികളും കയറിയിറങ്ങി തളരും. ചെറിയ ഷോപ്പിംഗ് കോംപ്ലക്സുകൾ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലും പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇത്തരം ബോർഡുകളുണ്ടാകും.