bus

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത സ്വകാര്യ ബസുകൾ 11 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കുമെന്ന് സംയുക്ത സമരസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, കുറഞ്ഞ ബസ് ചാർജ് 10 രൂപയാക്കുക, കിലോമീറ്റർ ചാർജ് 90 പൈസയായി വർദ്ധിപ്പിക്കുക, 140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബസുടമാസംഘം ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 4 നും 21 നും പ്രഖ്യാപിച്ച സമരങ്ങൾ മാറ്റിവച്ചത്. എന്നാൽ ഉറപ്പുകൾ പാലിച്ചില്ല. ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ 11 മുതൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംയുക്ത സമരസമിതി കൺവീനർ ലോറൻസ് ബാബു, കൺവീനർ ആർ.പ്രസാദ്, എം.ഡി.രവി, പി.സുന്ദരേശൻ, എസ്.ശ്രീകുമാർ, വി.ശശിധരൻ പിള്ള, വി.ബാലചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.