v
ചിന്നക്കടയിലെ ക്ലോക്ക് ടവർ

 പ്രവർത്തനം നിലച്ച ഘടികാരത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു

കൊല്ലം: നെഞ്ചും വിരിച്ച് നിൽക്കുകയാണെങ്കിലും സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമൊന്നും കൊല്ലത്തിന്റെ അടയാളമായ ചിന്നക്കടയിലെ ക്ലോക്ക് ടവർ അറിയുന്നില്ല. പുള്ളിക്കാരന് സ്ഥലകാല ബോധം നഷ്ടമായിട്ട് മൂന്ന് മാസം പിന്നിടുന്നു!. പഴയ ഒാർമ്മയിൽ ആരെങ്കിലും വിശ്വസിച്ച് സമയം നോക്കിയാൽ എല്ലാകാര്യങ്ങളും അന്ന് കുഴഞ്ഞ് മറിയും.

വർഷം തോറും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ച് സ്വകാര്യ ഏജൻസികൾക്കാണ് മണിമേടയുടെ പരിപാലന ചുമതല നൽകുന്നത്. കായംകുളം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി ഏറ്റെടുത്ത പരിപാലന കരാറിന്റെ കാലാവധി നാല് മാസം മുമ്പാണ് അവസാനിച്ചത്. ഒരുമാസം കൂടി പിന്നിട്ടപ്പോൾ ക്ലോക്കിന്റെ സൂചികൾ ചലനമറ്റ് കാഴ്വവസ്തുവായതാണ്. ഇടയ്ക്ക് വീണ്ടും സ്വയം പ്രവർത്തിച്ച് തുടങ്ങിയെങ്കിലും വീണ്ടും നിലച്ചു. ഇപ്പോൾ ഏത് സമയത്ത് നോക്കിയാലും നാല് മണിയാണ് കാണിക്കുന്നത്!.

6 വർഷം മുൻപ് ക്ലോക്ക് ടവർ മൊത്തത്തിൽ നവീകരിച്ചപ്പോഴാണ് ഇതിന്റെ പ്രവർത്തനം വൈദ്യുതീകരിച്ചത്. കൊല്ലത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മണിമേടയിലെ ഘടികാരം നിലച്ചത് പലരും പലതവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

1944

1932 മുതൽ 16 വർഷക്കാലം കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കെ.ജി. പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥം 1944ലാണ് ക്ലോക്ക് ടവറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് നഗരം ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ഈ മണിമേടയിൽ നിന്നുള്ള മണിമുഴക്കം കേട്ടായിരുന്നു. വർഷങ്ങളോളം പഴയകാലത്തെ ഘടികാരങ്ങളെ പോലെ കീ കൊടുത്താണ് ഇതും പ്രവർത്തിച്ചിരുന്നത്. ഇടയ്ക്ക് പലതണ അറ്രകുറ്റപ്പണി നടത്തി യന്ത്രഘടന മാറ്റുകയും ചെയ്തു.