കൊല്ലം: കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിച്ച് നഗരത്തിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ചെത്ത് ബൈക്കിനെയും ഫ്രീക്കൻ പയ്യനെയും ഒടുവിൽ ട്രാഫിക് പൊലീസ് കുടുക്കി. വിമലഹൃദയ സ്കൂൾ വിടുന്ന സമയത്ത് ഈ ബൈക്ക് അമിതമായ ശബ്ദം പുറപ്പെടുവിച്ച് ചീറിപ്പായുന്നതായി പരാതി ഉയർന്നിരുന്നു. പലപ്പോഴും പിൻചക്രം മാത്രമേ റോഡിൽ ഉരുളു. മുൻ ചക്രം അന്തരീക്ഷത്തിലായിരിക്കും!. വനിതാ കോളേജ് വിടുന്ന സമയത്തും ഇയാൾ അപകഭീഷണി ഉയർത്തി വിദ്യാർത്ഥിനികൾക്കിടയിലൂടെ ബൈക്കിൽ തലങ്ങും വിലങ്ങും പറക്കുമായിരുന്നു. ട്രാഫിക് പൊലീസ് വലവിരിച്ചതോടെ സ്ഥിരം വിഹാര കേന്ദ്രങ്ങളിൽ നിന്നും മുങ്ങിയ ഉമയനല്ലൂർ സ്വദേശിയായ യുവാവിനെ ഇന്നലെ ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്.
അനുമതിയില്ലാതെ ബൈക്കിന് വലിയതോതിൽ രൂപമാറ്റം വരുത്തിയിട്ടുണ്ട്. വെടി പൊട്ടുന്നത് പോലെയാണ് സൈലൻസറിൽ നിന്ന് ശബ്ദം പുറത്ത് വരുന്നത്. ടെയിൽ ലാമ്പ് പകുതിക്ക് മുറിച്ചു മാറ്റി. മുൻ ഭാഗത്ത് നമ്പർ പ്ലേറ്റില്ല. പിൻഭാഗത്തെ ടയർ മാത്രം റോഡിൽ ഉറപ്പിച്ച് സ്റ്റണ്ടിംഗ് നടത്താനുള്ള സൗകര്യത്തിന് ഹാൻഡിൽ മുകളിലേക്ക് ഉയർത്തിവച്ചിരിക്കുകയായിരുന്നു. അമിതവേഗത, ശബ്ദമലിനീകരണം, അനുവാദമില്ലാതെ രൂപമാറ്റം വരുത്തൽ എന്നീ കുറ്റങ്ങൾക്ക് 700 രൂപ പിഴ ചുമത്തി. ബൈക്ക് യഥാർത്ഥ രൂപത്തിലേക്ക് മാറ്റി ഹാജരാക്കാൻ പിടിയിലായ യുവാവിന്റെ ബന്ധുവായ ആർ.സി ഓണർക്ക് നിർദ്ദേശവും നൽകി.