elif

പുനലൂർ: കിഴക്കൻ മലയോര മേഖയിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ ബുധനാഴ്ച അർദ്ധരാത്രിയോടെ തെന്മല പഞ്ചായത്തിലെ തോണിച്ചാലിൽ ഇറങ്ങിയ കാട്ടാന തെങ്ങ്, റബർ, കമുക്, വാഴ അടക്കമുള്ള കൃഷികൾ നശിപ്പിച്ചിരുന്നു. തോണിച്ചാൽ മരുതിവിള വീട്ടിൽ ശശിയുടെയും സമീപവാസികളുടെയും വിളകളാണ് നശിപ്പിച്ചത്. കായ്ഫലമുള്ള തെങ്ങുകൾ അടക്കമുളളവ കുത്തിമറിച്ചിട്ട കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. മൂന്നുവർഷം കൊണ്ട് ഇതാണ് ഇവിടുത്തെ അവസ്ഥ.

കാലപ്പഴക്കം ചെന്ന് തകർന്ന സൗരോർജ്ജ വേലികൾ പുനഃസ്ഥാപിക്കാത്തതാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകാൻ കാരണം. ഇതിന് സമീപത്തെ കിടങ്ങുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും എല്ലായിടത്തും ഇല്ല. തോണിച്ചാലിലെ കുറച്ച് ഭാഗങ്ങളിലാണ് കിടങ്ങ് ഇല്ലാത്തത്. ഇതുവഴിയാണ് കാട്ടാനകൾ അടക്കമുള്ളവ നാട്ടിലേക്കിറങ്ങുന്നത്. ആനകൾക്ക് പുറമേ

പുലി, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. ഇതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് മലയോര വാസികൾ

വന്യമൃഗ ഭീതിയിൽ ഇവിടത്തുകാർ

ചെറുകടവ്, ഓലപ്പാറ, ചെറുതന്നൂർ, ഉപ്പുകുഴി, തോണിച്ചാൽ, മാമ്പഴത്തറ,ആനപെട്ടകോങ്കൽ, കുറവൻതാവളം, ഉറുകുന്ന്, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, ഐഷപാലം, നേതാജി, ലക്ഷം വീട് കോളനി, ഒറ്റക്കൽ പാറകടവ്, തെന്മല, കഴുതുരുട്ടി, ആനച്ചാടി, വെഞ്ച്വർ, ഇരുളൻകാട്, 27മല, ഇടപ്പാളയം, ആര്യങ്കാവ്, ചേനഗിരി, മുരുകൻ പാഞ്ചാലി

വളർത്തുമൃഗങ്ങളും ഇരകൾ

ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലികളടക്കമുള്ളവ വളർത്ത് മൃഗങ്ങളായ ആട്, പശു, നായ തുടങ്ങിയവയെയാണ് കൊന്ന് ഭക്ഷിക്കുന്നത്. പട്ടാപ്പകൽ പോലും പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് വർ‌ഷം മുമ്പ് തെന്മല പഞ്ചായത്തിലെ കുറവൻതാവളം എസ്റ്റേറ്റിൽ പുലർച്ചെ ടാപ്പിംഗിന് എത്തിയ തോട്ടം തൊഴിലാളിയായ തുളസീധരനെ കാട്ടാന കുത്തി കൊന്നിരുന്നു. കറവൂരിന് സമീത്തെ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ ജീവനക്കാരനെയും കാട്ടാന കൊന്നതോടെയാണ് ജനത്തിന്റെ ഭീതി ഇരട്ടിച്ചത്.

.............................................

ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ നശിച്ച സ്ഥലങ്ങളിലൂടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വേലികൾ പല സ്ഥലങ്ങളിലും മുമ്പ് തന്നെ നശിച്ചു. ചില സ്ഥലങ്ങളിൽ ഇത് പുനഃസ്ഥാപിച്ചെങ്കിലും ശേഷിക്കുന്ന ജോലികൾ എങ്ങും എത്തിയിട്ടില്ല. ഇതുവഴിയാണ് ജനമൃഗങ്ങൾ എത്തുന്നത്.സൗരോർജ്ജ വേലികൾ പുനസ്ഥാപിക്കുകയു വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ കിടങ്ങുകൾ സ്ഥാപിക്കുകയും ചെയ്താൽ വന്യമൃഗഭീതി ഒഴിവാക്കാം.

നാട്ടുകാർ