v
റെയിൽവേ സ്റ്റേഷൻ എ. സി വിശ്രമ മുറി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രങ്ങളിൽ മണിക്കൂർ കണക്കിന് ഫീസ് എണ്ണിവാങ്ങുമ്പോഴും നയാപൈസയുടെ സുരക്ഷയില്ലെന്ന് ആക്ഷേപം. ഡൽഹി സ്വദേശിയായ അഭിഷേക് ജയിനിന്റെ കൈവശമുണ്ടായിരുന്ന പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കുടുംബശ്രീയുടെ നിയന്ത്രണത്തിലുള്ള എ.സി വിശ്രമ കേന്ദ്രത്തിൽ നിന്നാണ് മോഷണം പോയത്. 30 രൂപയാണ് എ.സി വിശ്രമ കേന്ദ്രത്തിൽ ഒരു മണിക്കൂർ നേരം ചെലവഴിക്കാനുള്ള ഫീസ്. പക്ഷെ യാത്രക്കാർ പൂട്ടുമായി വന്നാലേ കേന്ദ്രത്തിനുള്ളിലെ ലോക്കറിൽ ബാഗുകളും മറ്റ് വിലപ്പെട്ട സാധനങ്ങളും പൂട്ടി സൂക്ഷിക്കാനാകൂ. കെയർ ടേക്കറുണ്ടെങ്കിലും ടോയിലെറ്റിലേക്ക് പോകുമ്പോൾ യാത്രക്കാർ കസേരകളിൽ വച്ച് പോകാറുള്ള ബാഗുകളും മറ്റ് സാധനങ്ങളും ശ്രദ്ധിക്കാറേയില്ല. റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമ മുറികൾ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടും റെയിൽവേ പൊലീസും ആർ.പി.എഫും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

 സി.സി ടി.വി കാമറകളുണ്ട്, പ്രവർത്തിക്കില്ല

ഡൽഹി സ്വദേശിയുടെ ബാഗ് നഷ്ടമായ വിവരം അറിഞ്ഞയുടൻ റെയിൽവേ പൊലീസ് പാഞ്ഞത് ആർ.പി.എഫ് സ്റ്റേഷനിലെ സി.സി ടി.വി കൺട്രോൾ റൂമിലേക്കായിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. കാമറകളും കൺട്രോൾ റൂമും പ്രവർത്തിക്കുന്നില്ല എന്നതാണ് കാരണം. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി 72 കാമറകൾ ഇപ്പോൾ നിലവിലുണ്ട്. ഇതിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച 36 കാമറകൾ ആറ് മാസം മുൻപേ കേടായതാണ്. ഇതിന് പകരമായി രണ്ട് മാസം മുൻപ് 36 പുതിയ കാമറകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. ഈ വിവരം നന്നായി അറിയാവുന്ന മോഷ്ടാവാകാം ഇന്നലെ എ.സി വിശ്രമ കേന്ദ്രത്തിനുള്ളിൽ കയറി ഡൽഹി സ്വദേശിയുടെ ബാഗ് മോഷ്ടിച്ചത്.

30 രൂപയാണ് എ.സി വിശ്രമ കേന്ദ്രത്തിൽ ഒരു മണിക്കൂർ നേരം ചെലവഴിക്കാനുള്ള ഫീസ്.

റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി 72 കാമറകളുണ്ട്. ഇതിൽ 36 കാമറകൾ ആറ് മാസം മുൻപേ കേടായതാണ്. ഇതിന് പകരമായി സ്ഥാപിച്ച കാമറകൾ ഇതുവരെ പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടില്ല.