അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് മരുന്നും കട്ടിലും വിതരണം ചെയ്തു. അച്ചൻകോവിൽ മേഖലയിലുള്ളവർക്കായിരുന്നു വിതരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. അറുപത് വയസ് കഴിഞ്ഞവർക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ട്യൂഷൻ, ലഘുഭക്ഷണം, ഡിഗ്രിതലത്തിൽ സ്കോളർഷിപ്പ് എന്നിവയും നൽകുന്നുണ്ടെന്ന് രഞ്ജുസുരേഷ് അറിയിച്ചു.തൊഴിലുറപ്പ് വ്യവസായ യൂണിറ്റുകളും ആരംഭിക്കും. കട്ട നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, വാർഡ് മെമ്പർ അച്ചൻകോവിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻപിള്ള, ഊരുമൂപ്പൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തോടനുബന്ധിച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന് ആയൂർ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകി.