photo

കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീയെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ജ്യോതിലിംഗമാണ് (76) പിടിയിലായത്.

തുറയിൽകുന്ന് എസ്.എൻ യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും തുറയിൽകുന്ന് ചെറുചങ്ങനാട്ട് വീട്ടിൽ നോയൽ - ഷാനി ദമ്പതികളുടെ മൂത്ത മകളുമായ ജാസ്മിനെയാണ് (9) തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ സ്കൂളിന് സമീപമുള്ള ബിനുവിന്റെ പലചരക്ക് കടയ്ക്ക് സമീപമായിരുന്നു സംഭവം. രാവിലെ സ്കൂളിൽ പോകാൻ യൂണിഫോം ധരിച്ചെത്തിയ ജാസ്മിനെ അടുത്തുള്ള കടയിൽ നിന്ന് മുളക് പൊടി വാങ്ങാൻ അമ്മ പറഞ്ഞുവിട്ടു. ഈ സമയം പ്രാകൃതവേഷം ധരിച്ച് നടന്നുവരുകയായിരുന്ന നാടോടി സ്ത്രീ 'മോളെ വരുന്നോ'യെന്ന് ചോദിച്ച് കൈയിൽ കടന്നുപിടിച്ചു. പേടിച്ച് നിലവിളിച്ച് പെൺകുട്ടി അടുത്തുള്ള ഷാജിയുടെ വീട്ടിൽ ഓടിക്കയറി വിവരം പറഞ്ഞു. അപ്പോഴേക്കും നാടോടി സ്ത്രീ ഏറെ ദൂരം പോയിരുന്നു. തുടർന്ന് യുവാക്കൾ ബൈക്കിലെത്തി തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപം വച്ച് ഇവരെ തടഞ്ഞുനിറുത്തി.

സ്കൂൾ മാനേജരും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ശിവരാജൻ വിവരം അറിയിച്ചതോടെ പൊലീസെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാക്കളും കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. മാനസിക വിഭ്രാന്തി കാട്ടിയ സ്ത്രീയെ സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാലിന്റെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തു. ഇവരെ പിന്നീട് പരിശോധനകൾക്കായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി നോയലും കുടുംബവും തുറയിൽ കുന്നിൽ വാടക വീട്ടിലാണ് താമസം. നോയൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്. ഇവർക്ക് അഞ്ചും നാലും വയസുള്ള രണ്ട് മക്കൾ കൂടിയുണ്ട്.