കൊല്ലം: തേക്ക് മരത്തിൽ കാൽ കുടുങ്ങിയ കൊക്കിന് രക്ഷകരായി ഫയർഫോഴ്സ്. ഉളിയക്കോവിൽ പുന്നമൂട് ജംഗ്ഷന് സമീപം ഷാജഹാന്റെ വീട്ടുവളപ്പിലെ തേക്കിലാണ് കൊക്ക് കുരുങ്ങിയത്.
ഷാജഹാന്റെ അയൽവീടായ ശ്രുതിഭവനിലെ ദിവ്യ എന്ന വീട്ടമ്മ രാവിലെ 10 ഓടെ തേക്കിൽ കുരുങ്ങിയ കൊക്ക് ചിറികിട്ടടിക്കുന്നത് കണ്ടിരുന്നു. വീട്ടുജോലികളിൽ മുഴുകിയതോടെ കൊക്കിന്റെ കാര്യം മറന്നു. വൈകിട്ട് നാലോടെ നോക്കിയപ്പോൾ ചിറകടിയെല്ലാം നിലച്ച് കൊക്ക് ക്ഷീണിച്ച് അവശയായി കിടക്കുകയായിരുന്നു. ഇടയ്ക്ക് കരച്ചിൽ മാത്രം കേട്ടു. ഇതോടെ ദിവ്യ കടപ്പാക്കട ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം 30 അടിയോളം ഉയരത്തിലെ കൊമ്പിൽ ഏണി ഉപയോഗിച്ച് കയറി കൊക്കിനെ രക്ഷപെടുത്തുകയായിരുന്നു. കൊക്കിന്റെ കാലിൽ നേരത്തെ കുരുങ്ങിയ വള്ളി മരക്കൊമ്പിൽ പിണഞ്ഞാണ് കുടുങ്ങിയത്. കാലിൽ ഉണ്ടായിരുന്ന ചെറിയ മുറിവിൽ മഞ്ഞൾപ്പൊടി തേച്ച ശേഷം ദാഹജലവും നൽകി പറത്തിവിട്ടു.
കടപ്പാക്കട ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ മുരളീധരൻ പിള്ള, ഡൊമിനിക്, ഫയർ ഓഫീസർമാരായ ധനേഷ്, ബിനോയ് ,മഹേഷ്, ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് കൊക്കിനെ രക്ഷപ്പെടുത്തിയത്.