collector-
ഭാഗീരഥിഅമ്മയെ ജില്ലാ കള്കടർ ബി.അബ്‌ദുൽനാസർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം: സ്ത്രീശാക്തീകരണത്തിനുള്ള കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്‌കാരം നേടിയ ഭഗീരഥിഅമ്മയെ കളക്ടർ ആദരിച്ചു. നാലാം ക്ലാസ് തുല്യതാ പരീക്ഷ 105-ാം വയസിൽ വിജയിച്ച ഭാഗീരഥി അമ്മയെ ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ ഇന്നലെ വീട്ടിലെത്തിയാണ് പുരസ്‌കാര വിവരം അറിയിച്ചത്. പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതിൽ വീട്ടിൽ എത്തിയ കളക്ടർ ഭാഗീരഥിഅമ്മയെ പൊന്നാട അണിയിച്ചു. രണ്ടുലക്ഷം രൂപയും സാക്ഷ്യ പത്രങ്ങളുമടങ്ങുന്ന പുരസ്‌കാരം ആലപ്പുഴയിലെ 96 വയസുള്ള സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മയ്ക്കൊപ്പമാണ് പങ്കിടുക. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ഭാഗീരഥിഅമ്മയെ പ്രധാനമന്ത്രി പ്രശംസിച്ചതോടെയാണ് പ്രാക്കുളത്തിന്റെ അക്ഷരമുത്തശിയെ രാജ്യമറിഞ്ഞത്. വനിതാ ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങണമെന്നാണ് അറിയിപ്പെങ്കിലും രാഷ്ട്രപതി ഭവനിൽ നേരിട്ടെത്താൻ പ്രായത്തിന്റെ അവശതകൾ അനുവദിക്കുന്നില്ലെന്ന് ഭാഗീരഥി അമ്മ പറഞ്ഞു.

ഈ സാഹചര്യത്തിൽ പുരസ്‌കാരം പ്രതിനിധി ഏറ്റുവാങ്ങുന്നതിനോ, വീട്ടിൽ എത്തിച്ച് നൽകുന്നതിനോ ക്രമീകരണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന് കത്ത് നൽകി. തൃക്കരുവാ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻപിള്ള, സാക്ഷരതാ പ്രവർത്തകൻ കെ.ബി.വസന്തകുമാർ, ഭാഗീരഥിഅമ്മയുടെ മക്കളായ തുളസീധരൻ പിള്ള, സോമനാഥൻ പിള്ള, തങ്കമണി പിള്ള, ചെറുമകൻ ബിജു എന്നിവർ വീട്ടിലുണ്ടായിരുന്നു.