പരവൂർ : വേനൽ കടുത്തതോടെ പരവൂർ റെയിൽവേ ലൈനിന്റെ തെക്കുഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകളിലെ വെള്ളം വറ്റിയതും പൊതുടാപ്പുകളിലൂടെയുള്ള ജല വിതരണം നടക്കാത്തതുമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. ജലസേചനം പാളിയതോടെ കുരുമുളക്, വാഴ തുടങ്ങിയവ കരിഞ്ഞുണങ്ങുകയാണെന്ന് കർഷകർ പറയുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കാനായി റെയിൽവേ മേൽപ്പാലത്തിന് 250 മീറ്റർ കിഴക്ക് റെയിൽവേ ലൈനിന് കുറുകേ ഇരുമ്പ് കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനുള്ളിലൂടെ വേണം ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കാൻ. എന്നാൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ഇതുവരെ തുടർ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.