ഭരണസിരാകേന്ദ്രത്തിൽ മദ്യക്കുപ്പികളുടെ ബഹളം
കൊല്ലം: കളക്‌ടറേറ്റിൽ ജീവനക്കാർ മദ്യപിക്കുന്നുവെന്നതിന്റെ തെളിവായി വരാന്തകളിൽ നിറയെ മദ്യ കുപ്പികൾ. മാജിക് മൊമന്റ്സ്, കിംഗ് ഫിഷർ തുടങ്ങിയ മദ്യ - ബിയർ ബ്രാൻഡുകളുടെ കുപ്പികൾ കളക്ടറേറ്റിലെ വിവിധ ഓഫീസുകളുടെ മുന്നിലെ ഉപയോഗശൂന്യമായ മേശകളിൽ ഉപേക്ഷിച്ച നിലയിലാണ്. രണ്ടാം നിലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന പടികളുടെ വശങ്ങളിൽ നിറയെ മദ്യ കുപ്പികളാണ്.
വിവിധ ആവശ്യങ്ങൾക്കായി ദിവസവും കളക്ടറേറ്റിലെത്തുന്ന ആയിരങ്ങളുടെ മുന്നിൽ ജില്ലയുടെ ഭരണസിരാ കേന്ദ്രത്തിന്റെ മാനം കെടുത്തുന്ന തരത്തിൽ മദ്യകുപ്പികൾ കിടന്നിട്ടും നടപടിയില്ല. മദ്യകുപ്പികൾ ഓഫീസ് വരാന്തകളിൽ നിന്ന് നീക്കാനും കളക്ടറേറ്റിലെ മദ്യപാനികളെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ജില്ലാ കളക്ടർ, സബ് കളക്ടർ, എ.ഡി.എം എന്നിവരുടെ ഓഫീസുകൾക്ക് പുറമെ ജില്ലാ കോടതി ഉൾപ്പെടെ അര ഡസൻ കോടതികൾ പ്രവർത്തിക്കുന്ന കളക്ടറേറ്റിലിരുന്ന് മദ്യപിക്കാൻ പുറത്തുനിന്ന് ആരും വരില്ലെന്ന് വ്യക്തമാണ്. കളക്ടറേറ്റിൽ സ്ഥിരമായി മദ്യപാനം നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് വരാന്തകളിലെ കുപ്പികൾ. കളക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിളിപ്പാടകലെയുള്ളപ്പോൾ നടക്കുന്ന നിയമലംഘനം ഭയപ്പെടുത്തുന്നതാണ്. വഴിനീളെ മദ്യ കുപ്പികൾ കിടന്നിട്ടും സർവീസ് സംഘടനകൾ വിഷയത്തിൽ ഇടപെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ആ ജീപ്പ് ഇപ്പോഴും ഇവിടെയുണ്ട്
കൊല്ലം കളക്‌ടറേറ്റിൽ ബേസ് മൂവ്മെന്റ് തീവ്രവാദികൾ ബോംബ് സ്‌ഫോടനം നടത്താൻ ഉപയോഗിച്ച തൊഴിൽ വകുപ്പിന്റെ ജീപ്പ് നാല് വർഷങ്ങൾക്കിപ്പുറവും സ്ഥാനചലനമില്ലാതെ അവിടെയുണ്ട്. സ്‌ഫോടനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ ആഗ്രഹിച്ച ബേസ് മൂവ്മെന്റിനെ കൊല്ലം കളക്‌ടറേറ്റ് വളപ്പിലേക്ക് ആകർഷിച്ച അനാസ്ഥയ്‌ക്ക് ഇപ്പോഴും മാറ്റമില്ല. ഏത് തീവ്രവാദിക്കും ഏതുനേരവും കടന്ന് ചെല്ലാൻ കഴിയുന്ന തരത്തിൽ വാതിലുകൾ തുറന്നിട്ട് കളക്‌ടറേറ്റ് അങ്കണം കാത്തിരിക്കുകയാണ്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ അതിവ സുരക്ഷാ കേന്ദ്രമായി കളക്‌ടറേറ്റിനെ മാറ്റാൻ നടത്തിയ ചർച്ചകളൊക്കെയും എങ്ങുമെത്താതെ പോയി. ജില്ലയുടെ ഭരണ സിരാകേന്ദ്രം അനാസ്ഥയുടെ അടയാളമായി മാറുന്നുവെന്ന ബോദ്ധ്യമാണ് കേരളകൗമുദി വാർത്താ സംഘം കളക്ടറേറ്റിൽ കണ്ടറിഞ്ഞത്.
കളക്‌ടറേ, ഈ വഴിയാകെ നാറുന്നു
മൂന്നാം അഡീഷണൽ ജില്ലാ കോടതിക്കും പഞ്ചായത്ത് അസി. ഡയറക്ടർ ഓഫീസിനും അടുത്തായുള്ള കക്കൂസിലെ നാറ്റം കാരണം വരാന്ത വഴി നടക്കാൻ കഴിയില്ല. കക്കൂസിലേക്ക് ആരും കയറാതിരിക്കാൻ ചെറിയ ബോർഡ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. പക്ഷേ ആ 'ശങ്ക'യെ തടഞ്ഞ് നിറുത്താൻ ബോർഡിന് കഴിയില്ലല്ലോ. നാറ്റം ഒഴിവാക്കുക മാത്രമല്ല, ഇവിടെ വന്ന് പോകുന്ന ആയിരങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങൾ കൂടി ഒരുക്കണം. അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്.
വൃത്തിയും വെടിപ്പും പണ്ടേയില്ല
സാധാരണ ഗതിയിൽ ക്ലോസറ്റുകളൊക്കെ കക്കൂസുകൾക്കുള്ളിലാണ് സ്ഥാപിക്കാറ്. കളക്ടറേറ്റിലെത്തിയാൽ വഴിനീളെ ക്ലോസറ്റുകൾ കിടക്കുന്നത് കാണാം. ഉപയോഗിച്ചതാണോ, പുതിയതാണോ എന്നൊന്നും കള്കടർക്ക് പോലും അറിയില്ല. എന്തിനാണ് ഇതൊക്കെ വഴിനീളെ ഇട്ടേക്കുന്നതെന്ന് ആരോട് ചോദിക്കാൻ? വാഹനങ്ങളുടെ ഉപയോഗം കഴിഞ്ഞ ടയറുകൾ, പൊട്ടിയ വാട്ടർ ടാങ്കുകൾ, കൈയും കാലുമൊടിഞ്ഞ കസേരകൾ, പൊളിഞ്ഞ് വീണ അലമാരകൾ, ക്ളോസറ്റുകൾ തുടങ്ങി ഇവിടുത്തെ ഇടനാഴികളിൽ ഇല്ലാത്തതൊന്നുമില്ല.
ഇതൊരു പാർക്കിംഗ് കേന്ദ്രമാണോ?
ബോംബ് സ്‌ഫോടനത്തിന് പിന്നാലെ കളക്ടറേറ്റിന് ചുറ്റുമുള്ള വഴികൾ വൺ വേ ആക്കാനും ഒരു ഭാഗത്ത് പാർക്കിംഗ് ഒരുക്കാനും തീരുമാനിച്ചിരുന്നു. കളക്ടറേറ്റ് വളപ്പിലെ വാഹന ബാഹുല്യം ഒഴിവാക്കാനെടുത്ത തീരുമാനം സ്‌ഫോടനത്തിന്റെ പേടി പോയപ്പോൾ പതിയെ ഇല്ലാതായി. കളക്ടറേറ്റ് വളപ്പ് കണ്ടാൽ ഇന്നൊരു പാർക്കിംഗ് കേന്ദ്രം പോലെ തോന്നും.
സുരക്ഷയ്‌ക്ക് എന്തുണ്ട്?
ഡഫേദാറിന്റെ വടിയുണ്ട്. തീവ്രവാദികളും സാമൂഹിക വിരുദ്ധരും അക്രമികളും കളക്ടറേറ്റ് വളപ്പിലേക്ക് കടക്കാതിരിക്കാൻ കാര്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇപ്പോഴും ഇവിടെയില്ല. ജില്ലാ കോടതിയും കോടതിയുടെ റിക്കാർഡ്സ് റൂമുമൊക്കെ പ്രവർത്തിക്കുന്ന ജില്ലയിലെ തന്ത്രപ്രധാനമായ ഒരിടമാണിതെന്ന് ഇടയ്ക്കൊക്കെ ബന്ധപ്പെട്ടവർ ആലോചിക്കണം.