ചവറ: വധശ്രമ കേസിൽ ഒളിവിൽ പോയ യുവാവ് പൊലീസ് പിടിയിലായി. പന്മന കോലം മംഗലത്ത് വീട്ടിൽ കൊച്ചു സന്ദീപ് എന്ന സന്ദീപ് കുമാറിനെയാണ് ചവറ പൊലീസ് പിടികൂടിയത്. പന്മന വടുതല ജംഗ്ഷനിൽ പാവൂർ പടിഞ്ഞാറ്റതിൽ വിനോദിനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു ഇയാൾ.
പന്മനയിലുള്ള രമേശ്, രതീഷ്, അജി, വിഷ്ണു, അപ്പുണ്ണി എന്നുവിളിക്കുന്ന അഖിൽ, കുഞ്ഞുമോൻ എന്നുവിളിക്കുന്ന ശ്രീകുമാർ എന്നിവരും സന്ദീപിനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ പ്രതികളിൽ അപ്പുണ്ണി എന്നുവിളിക്കുന്ന അഖിലിനെയും മാടൻ കുഞ്ഞുമോനെയും കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് ആക്രമണത്തിന് ശേഷം കർണാടകയിൽ ഒളിച്ച് താമസിച്ച് വരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സന്ദീപ് കർണാടകയിൽ നിന്ന് നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ചവറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഇൻസ്പെക്ടർ നിസാമുദീൻ അറിയിച്ചു. സബ് ഇൻസ്പെക്ടർ സുഖേഷ്, എ.എസ്.ഐ ഇബ്രാഹിംകുട്ടി, സിവിൽ പൊലീസ് ഓഫീസർമാരായ അനു, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.