c
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി സ്വദേശിയുടെ ബാഗ് കവർന്നു

 എ.ടി.എം കാർഡ് ഉപയോഗിച്ച് 30,000 രൂപ തട്ടി

 ബാഗിലുണ്ടായിരുന്ന 50,000 രൂപ നഷ്ടമായി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ എ.സി വിശ്രമകേന്ദ്രത്തിൽ നിന്നും ഡൽഹി സ്വദേശിയുടെ ബാഗ് മോഷണം പോയി. ബാഗിലുണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് മിനിറ്റുകൾക്കകം നഗരത്തിലെ വിവിധ എ.ടി.എം കൗണ്ടറുകളിൽ നിന്നും 30000 രൂപയും മോഷ്ടാവ് തട്ടിയെടുത്തു. നഷ്ടമായ ബാഗിൽ 50000 രൂപയും ബ്ലാങ്ക് ചെക്കുകളും മൊബൈൽ ഫോണും ഉണ്ടായിരുന്നു. ഡൽഹി ഓൾഡ് സബ്ജി മന്ദ്, ആര്യാപുരം സ്ട്രീറ്റിൽ അഭിഷേക് ജയിന്റെ ബാഗും പണവുമാണ് നഷ്ടമായത്.

ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലി എക്സപ്രസിലെത്തിയ അഭിഷേക് ജയിൻ ബാഗ് കസേരയിൽ വച്ച ശേഷം ശുചിമുറിയിലേക്ക് പോയി. മടങ്ങിവന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പൊലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബാഗിൽ എ.ടി.എം കാർഡ് ഉണ്ടെന്ന് അഭിഷേക് ജയിൻ വെളിപ്പെടുത്തിയതോടെ ഉടൻ തന്നെ ബാങ്കിൽ പോയി കാർഡ് ബ്ലോക്ക് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. പക്ഷെ ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോൾ മനിറ്റുകൾക്ക് മുൻപ് നഗരത്തിലെ വിവിധ എ.ടി.എമ്മുകളിൽ നിന്നും 30000 രൂപ പിൻവലിച്ചിരുന്നു. ഓർമ്മക്കുറവും വിവിധ ബാങ്കുകളുടെ എ.ടി.എം കാർഡുകളും ഉപയോഗിക്കുന്നതിനാൽ അഭിഷേക് ജയിൻ ഒപ്പം നമ്പരും എഴുതി സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ മോഷ്ടാവിന് മെനക്കെടാതെ തന്നെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനായി.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പനക്കാരനായ അഭിഷേക് ജയിൻ കൊല്ലത്തെ വിവിധ സ്ഥാപനങ്ങൾക്ക് വിറ്റ ഉപകരണങ്ങളുടെ പണം വാങ്ങാനായി എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമമുറികളിൽ സ്ഥിരമായി മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകളിലെ സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.