അനാസ്ഥയ്ക്കെതിരെ പൊതുവികാരം ശക്തമാകുന്നു
കൊല്ലം: ജില്ലയുടെ ഭരണസിരാ കേന്ദ്രമായ കളക്‌ടറേറ്റിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന പൊതുവികാരം ശക്തമായി. കളക്‌ടറേറ്റിൽ ജീവനക്കാർ മദ്യപിക്കുന്നതിന്റെ തെളിവായി വരാന്തകളിൽ മദ്യകുപ്പികൾ കണ്ടെത്തിയത് ഉൾപ്പെടെ അനാസ്ഥയുടെ എണ്ണമറ്റ അടയാളങ്ങൾ ഇന്നലെ കേരളകൗമുദി അക്കമിട്ട് നിരത്തിയിരുന്നു. ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രതികരിക്കുന്നു.
കളക്ടറേറ്റ് ശുദ്ധീകരിക്കാൻ മന്ത്രി ഇടപെടണം
ജില്ലാ കളക്‌ടറേറ്റ് എല്ലാ വിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും അഴിമതിയുടെയും കേന്ദ്രമാകുന്നത് ലജ്ജാകരമാണ്. കളക്‌ടറേറ്റിനുള്ളിൽ മാത്രമല്ല, പുറത്തും ഓഫീസ് സമയത്ത് ഉദ്യോഗസ്ഥർ കൂട്ടമായി മദ്യപിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബേസ് മൂവ്മെന്റ് തീവ്രവാദികൾക്ക് കളക്‌ടറേറ്റിൽ ബോംബ് സ്‌ഫോടനം നടത്താൻ കഴിഞ്ഞത് സുരക്ഷാ വീഴ്‌ച കാരണമാണ്. ഭരണാനുകൂല സർവീസ് സംഘടനകളുടെ അനുവാദനത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ ഇടപെടൽ കളക്ടറേറ്റ് ശുചീകരണത്തിൽ അനിവാര്യമാണ്. നടപടി ഉണ്ടായില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭം ആരംഭിക്കും.
ബി.ബി.ഗോപകുമാർ,
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അന്വേഷണം നടത്തണം; കളക്ടറും
വകുപ്പ് മേധാവികളും ഇടപെടണം
കളക്ടറേറ്റ് വരാന്തകളിൽ മദ്യ കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടണം. ആവശ്യമായ അന്വേഷണം നടത്തണം. വൃത്തി ഉറപ്പാക്കാൻ കളക്ടറും വകുപ്പ് മേധാവികളും ഇടപെടണം. കളക്‌ടറേറ്റിലെത്തുന്നവർക്ക് ഇരിക്കാനും വാഹനം പാർക്ക് ചെയ്യാനും സൗകര്യം ഒരുക്കണം. കളക്ടറേറ്റിനുള്ളിൽ കടക്കുന്ന വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാൻ ആധുനിക സൗകര്യങ്ങൾ ഒരുക്കണം.
മുല്ലക്കര രത്നാകരൻ എം.എൽ.എ,
സി.പി.ഐ ജില്ലാ സെക്രട്ടറി
കളക്ടറേറ്റിൽ മദ്യകുപ്പികൾ വന്നത് അന്വേഷിക്കും
കളക്‌ടറേറ്റിൽ മദ്യകുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തും. ഉചിതമായ രീതിയിൽ പരിശോധനയുണ്ടാകും. കളക്ടറേറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം കൊടുത്തിട്ടുണ്ട്. കളക്ടറേറ്റും പരിസരങ്ങളും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
ബി.അബ്‌ദുൽ നാസർ
ജില്ലാ കളക്ടർ
കേരളകൗമുദിയെ അഭിനന്ദിച്ച് ജോയിന്റ് കൗൺസിൽ
ജില്ലയുടെ ഭരണ സിരാകേന്ദ്രത്തിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച കേരളകൗമുദിക്ക് ജോയിന്റ് കൗൺസിലിന്റെ അഭിനന്ദനം. മദ്യകുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണം. അടിയന്തരമായി ശുചീകരണം നടത്തണം. കക്കൂസുകൾ പൊട്ടി ഒലിക്കുകയാണ്. ഇത് പരിഹരിച്ചേ മതിയാകൂ.
കെ.വിനോദ്,
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി
കേരളകൗമുദി പറഞ്ഞത്
ഞെട്ടിക്കുന്ന വിവരങ്ങൾ
കേരളകൗമുദി പുറത്ത് വിട്ട ഞെട്ടിക്കുന്ന വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. സേഫ് കൊല്ലം സൃഷ്ടിക്കാൻ ഇറങ്ങുന്ന ജില്ലാ ഭരണകൂടം ആദ്യം സ്വന്തം ആസ്ഥാനം സേഫാക്കണം. കളക്ടറേറ്റിലെ മദ്യകുപ്പികളെ കുറിച്ച് ഗൗരവമായി പരിശോധിക്കണം. വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.
ബിന്ദു കൃഷ്‌ണ, ഡി.സി.സി
കളക്ടറേറ്റിലെ ശോച്യാവസ്ഥ പരിഹരിക്കണം
പ്രത്യേക കോടതി സമുച്ചയം അനിവാര്യമാണ്. കൂടുതൽ ശുചിത്വവും ആധുനിക സൗകര്യങ്ങളും കളക്‌ടറേറ്റിൽ വേണം. കൂടുതൽ വനിതാ സൗഹൃദ കക്കൂസുകൾ ആവശ്യമാണ്. യൂണിയനും ജനങ്ങളും ആഗ്രഹിക്കുന്ന തരത്തിലേക്ക് കളക്ടറേറ്റ് സൗകര്യങ്ങൾ മാറേണ്ടതുണ്ട്.
സി.ഗാഥ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി