കൊല്ലം: എൻജിനീയറിഗും പോളിടെക്നിക്കും എെ.ടി എെയും കഴിഞ്ഞവർക്ക് സ്റ്റാർട്ട് അപ്പ് തുടങ്ങാൻ യൂത്ത് ടെക്കും ഏഴിടങ്ങളിൽ ന്യായവില വെറ്ററിനറി മരുന്ന് കടക്കായി കാമധേനുവും പല്ലുരോഗങ്ങളെ തടയാൻ ദന്തൽ വിഭാഗത്തിന് ആധുനിക സൗകര്യമൊരുക്കാൻ സുസ്മിത തുടങ്ങിയ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. ധകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായ അഡ്വ. എസ്.വേണുഗോപാലാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്. എല്ലാ മേഖയിലും പ്രത്യേകിച്ച് കാർഷിക മേഖയ്ക്ക് പ്രാമുഖ്യം നൻകുന്നതാണ് ബഡ്‌ജറ്റ്.
കരനെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് സ്‌കൂൾ കാർഷിക മേഖലയിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിന് രണ്ടിടങ്ങിളിൽ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
നെൽകൃഷിയെ കൂടുതൽ ഏലാകളിലേയ്ക്ക് വ്യാപിപ്പിച്ചും നെൽകർഷകരെ സംരക്ഷിക്കുന്നതിനായി പൊലിയോ പൊലി പദ്ധതിക്കായി ഒരുകോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. അങ്കണത്തൈമാവ് പദ്ധതിയിലൂടെ കുട്ടികളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് മാവ്, പ്ലാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഗുണമേന്മയുള്ള തൈകൾ സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി 50 ലക്ഷം രൂപയും ഉൾപ്പെടുത്തി.
ജില്ലയിലെ എല്ലാ പൊതുകുളങ്ങളും ചിറകളും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് സംരക്ഷിക്കുന്നതിന് 50 ലക്ഷം, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിലുള്ള കാവുകളുടെ സംരക്ഷണത്തിന് 50 ശതമാനം തുക സബ്‌സിഡിയായി നൽകുന്നതിന് 50 ലക്ഷം,
ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന് ഫാമുകൾ കേന്ദ്രീകരിച്ച് ഓരോ വിപണനകേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം, വി.എച്ച്.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞ കുട്ടികൾക്ക് ബഡിംഗ്, ഗ്രാഫ്ടിംഗ്, ടാപ്പിംഗ്, ഗാർഡനിംഗ് തുടങ്ങിയവയിൽ കൊട്ടാരക്കര സ്റ്റേറ്റ് സീഡ് ഫാമിന്റെ സഹായത്തോടെ പരിശീലനം നൽകി ഗ്രീൻ ആർമി രൂപീകരിക്കുന്നതിനുള്ള പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വൃക്ഷങ്ങൾക്കും ആധാർ
സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വഴിയോരങ്ങൾ എന്നിവിടിങ്ങളിൽ നിൽക്കുന്ന മരങ്ങളുടെ പേര്, ശാസ്ത്രീയനാമം എന്നിവ രേഖപ്പെടുത്തി വൃക്ഷങ്ങളുടെ ആധാർ ശേഖരിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുമായി ചേർന്നുള്ള സംയുക്ത പദ്ധതിയ്ക്ക് പത്തുലക്ഷം രൂപ, അഗ്രോ സർവീസ് സെന്റർ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചു.
കാമധേനു - വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ
പത്തനാപുരം, കരുനാഗപ്പള്ളി, ഭരണിക്കാവ്, ചടയമംഗലം, കുണ്ടറ, ചാത്തന്നൂർ, കൊട്ടാരക്കര തുടങ്ങിയ ഏഴ് സ്ഥലങ്ങളിൽ ന്യായവിലയ്ക്ക് വെറ്ററിനറി മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ സ്ഥാപിക്കുന്ന കാമധേനു മെഡിക്കൽ ഷോപ്പ് എന്ന പദ്ധതിയ്ക്കായി 30 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഏഴ് ഫാമുകളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക് ഡയറി ഫാം, അഞ്ചൽ ജില്ലാ കൃഷിഫാം എന്നിവിടങ്ങളിലെ ഫാം ടൂറിസം പ്രവർത്തനം സജ്ജീകരണത്തിന് 50 ലക്ഷം രൂപയും സഹകരണ സംഘങ്ങൾക്ക് ഉൽപാദന വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തി.
യൂത്ത് ടെക് എന്ന പേരിൽ എൻജിനീയറിംഗ്, പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞവർക്ക് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥിരാസ്തികൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്നതിനായുള്ള പദ്ധതിയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തിയത് ബഡ്‌ജറ്റിലെ ശ്രദ്ധേയമായ നിർദ്ദേശങ്ങാളാണ്.