കൊല്ലം: ഭരണരംഗത്ത് വളച്ചുകെട്ടില്ലാത്ത ഭാഷ ഉപയോഗിക്കണമെന്ന് സംസ്ഥാന ഔദ്യോഗിക ഭാഷാവിദഗ്ദ്ധൻ ഡോ.ആർ.ശിവകുമാർ. കൊട്ടാരക്കര കില ഇ.ടി.സി തദ്ദേശ സ്വയംഭരണ വകുപ്പിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കായി നടത്തിയ ഭരണഭാഷാ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും മനസിലാകുന്ന ലളിതമായ പദങ്ങൾ ഉപയോഗിക്കണം. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി കഠിന പദങ്ങൾ ഉപയോഗിക്കണമെന്ന് സർക്കാർ ഉദ്ദേശിക്കുന്നില്ല. പൂർവാഹ്നം, അപരാഹ്നം എന്നീ പദങ്ങൾക്ക് പകരം ഉച്ചയ്‌ക്ക് മുൻപ്, ഉച്ചയ്‌ക്ക് ശേഷം എന്നീ പദങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. മെഡിക്കൽ റീ-ഇമ്പേഴ്സ്‌മെന്റ് എന്നതിന് പകരം ചികിൽസാ പ്രതിപൂരണ ചെലവ് എന്നെഴുതാൻ പാടില്ലെന്നും ചികിൽസാച്ചെലവ് തിരികെ നൽകാൻ നടപടി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.. പ്രിൻസിപ്പൽ ജി.കൃഷ്‌ണകുമാർ, ഫാക്കൽറ്റി അംഗങ്ങളായ എസ്.രമേശൻ നായർ, ബി.ഷബിന, ആർ.സമീറ എന്നിവർ സംസാരിച്ചു.