പുനലൂർ: പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്മന്തൂരിലെ ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുനലൂർ ജോയിന്റ് ആർ.ടി.ഒയുടെ നിയന്ത്രണത്തിൽ നിലവിൽ ചെമ്മന്തൂരിലെ നഗരസഭാ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. ഇപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതോടെ ഗ്രൗണ്ടിൽ ടെസ്റ്റ് നടത്താൻ പാടില്ലെന്ന് അധികൃതർ അറിയിച്ചതായി പുനലൂരിലെ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കൂട്ടായ്മയുടെ പ്രസിഡന്റ് മധുസൂദനൻ പിളള, കൺവീനർ എ.കെ. നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ വിശാലമായ ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ടെസ്റ്റ് നടത്താനുളള സൗകര്യം ഒരുക്കി നൽകാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പുനലൂരിന് സമീപത്ത് മറ്റ് സ്ഥല സൗകര്യങ്ങൾ ലഭ്യമല്ല. പുനലൂരിലും സമീപ പ്രദേശങ്ങളിലുമായി 25ഓളം ഡ്രൈവിംഗ് സ്കൂളുകളാണ് പ്രവർത്തിച്ച് വരുന്നത്.
പുനലൂരിലും സമീപ പ്രദേശങ്ങളിലുമായി 25ഓളം ഡ്രൈവിംഗ് സ്കൂളുകളാണ് പ്രവർത്തിച്ച് വരുന്നത്.
നിവേദനം നൽകി
ആയിരക്കണക്കിന് യുവതീ - യുവാക്കൾ അച്ചൻകോവിൽ, ആര്യങ്കാവ്, കുന്നിക്കോട് അടക്കമുള്ള ദൂര സ്ഥലങ്ങളിൽ നിന്നാണ് ഡ്രൈവിംഗ് പഠിക്കുന്നത്. ചെമ്മന്തൂരിലെ ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു, ഗതാഗത വകുപ്പ് മന്ത്രി കെ.കെ. ശശീന്ദ്രൻ, ട്രാൺസ്പോർട്ട് കമ്മിഷണർ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർക്ക് നിവേദം നൽകിയതായും പുനലൂരിലെ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂട്ടായ്മ വർക്കിംഗ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി ബിജു ജോർജ്, പി.എ. പ്രദീപ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.