naun-master

കൊല്ലം: കുന്നത്തൂരിലെ മുൻ ആർ.എസ്.പി എം.എൽ.എയും നിലവിലെ കോൺഗ്രസ് നേതാവുമായ ശൂരനാട് തെക്ക് ആയിക്കുന്നം ചരിഞ്ഞവിള പുത്തൻവീട്ടിൽ ടി. നാണുമാസ്റ്റർ (78) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ രാത്രിയോടെ ശൂരനാട്ടെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. 1987, 1991, 1996 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി കുന്നത്തൂരിൽ മത്സരിച്ച് വിജയിച്ചു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന നാണുമാസ്റ്റർക്ക് 2001ൽ കുന്നത്തൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ശൂരനാട് വടക്ക് അഴകിയകാവ് ഗവ. എൽ.പി സ്‌കൂൾ അദ്ധ്യാപകനായിരുന്ന നാണുമാസ്റ്റർ ജോലി രാജിവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മലബാർ മേഖലയിൽ ജോലി ചെയ്‌തിരുന്ന നാണുമാസ്റ്ററെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്.പി നേതൃത്വം ഇടപെട്ടാണ് 1986ൽ ശൂരനാട്ടേക്ക് സ്ഥലം മാറ്റം വാങ്ങിയത്. കശുഅണ്ടി തൊഴിലാളികൾക്കായി നിയമസഭയ്ക്ക് അകത്തും പുറത്തും നാണുമാസ്റ്റർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രോഗബാധിതനായ അവസാനകാലത്തും കോൺഗ്രസിന്റെ സംഘടനാ വേദികളിൽ സജീവമായിരുന്നു. ലീലയാണ് നാണുമാസ്റ്ററുടെ ഭാര്യ. മക്കളില്ല.