കൊല്ലം: കൈവിട്ടുപോയ കുന്നത്തൂർ നിയമസഭാ സീറ്റ് തിരികെ പിടിക്കാൻ വടക്കേ മലബാറിന്റെ ക്ലാസ് മുറികളിൽ നിന്ന് ടി.നാണുമാസ്റ്ററെ കണ്ടെത്തി കൊണ്ടുവന്ന രാഷ്ട്രീയ ബുദ്ധി ബേബിജോണിന്റേതായിരുന്നു.
കോട്ടക്കുഴി സുകുമാരനിലൂടെ യു.ഡി.എഫ് കൊണ്ടുപോയ മണ്ഡലത്തെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1986ൽ നാണുമാസ്റ്റർ മലബാറിൽ നിന്ന് ശൂരനാട്ടേക്ക് സ്ഥലം മാറ്റം നേടിയത്.
ശൂരനാട് വടക്ക് അഴകിയകാവ് ഗവ.എൽ.പി സ്‌കൂളിലെ അദ്ധ്യാപക ജോലി രാജിവച്ച് 1987ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ കുന്നത്തൂരിന് അദ്ദേഹം പരിചിതനായിരുന്നില്ല. പക്ഷേ ഇടത് മുന്നണിയുടെ ശക്തികേന്ദ്രത്തിൽ നാണുമാസ്റ്റർ വിജയിക്കുമെന്ന കാര്യത്തിൽ ബേബിജോണിനും ആർ.എസ്.പിക്കും സംശയമുണ്ടായിരുന്നില്ല. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്‌ണനെ 10,653 വോട്ടിന് പരജായപ്പെടുത്തി നാണു മാസ്റ്റർ ആധികാരിക വിജയം നേടി. പിന്നീട് 15 വർഷം അദ്ദേഹം കുന്നത്തൂരിന്റെ എം.എൽ.എയായി തുടർന്നു. 1991ൽ കോൺഗ്രസിന്റെ വി.ശശിധരനെയും 1996ൽ എ.വിശാലാക്ഷിയെയും പരാജയപ്പെടുത്തി..
കശുഅണ്ടി തൊഴിലാളികൾ കുന്നത്തൂരിന്റെ ജീവിതവും രാഷട്രീയവും നിയന്ത്രിച്ചിരുന്ന കാലത്താണ് അദ്ദേഹം അവരുടെ സ്നേഹ വിശ്വാസങ്ങൾ ആർജിച്ച് ആധികാരിക വിജയം നേടിയത്. കശുഅണ്ടി തൊഴിലാളികളുടെ ജീവിത സമരത്തിൽ അവരോടൊപ്പം ഓരോ ഫാക്ടറിക്ക് മുന്നിലും അദ്ദേഹമെത്തി. സാധാരണ ആർ.എസ്.പി പ്രവർത്തകനിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയർന്നത് ചിട്ടയായ സംഘടനാ പ്രവർത്തനത്തിന്റെ കൂടി അംഗീകാരമായിരുന്നു. ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട എം.എൽ.എയായി നാണുമാസ്റ്റർ തുടർന്നപ്പോൾ പാർട്ടി പ്രവർത്തകർക്ക് അവരുടെ വിളിപ്പുറത്ത് എത്തുന്ന നേതാവും ധൈര്യവും ആയിരുന്നു അദ്ദേഹം. താലൂക്ക് ആസ്ഥാനം അടൂരിൽ നിന്ന് ശാസ്‌താംകോട്ടയിലേക്ക് എത്തിച്ചതും കൊല്ലം കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിന് കുറുകെയുള്ള കടപുഴ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതും ആനയടി പുതിയ പാലത്തിനായി ശ്രമങ്ങൾ തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്.
2001ൽ കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ ആർ.എസ്.പി സ്ഥാനാർത്ഥിയാക്കിയപ്പോൾ പിണങ്ങി മാറിനിന്ന നാണുമാസ്റ്റർ പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം ചേർന്നു. ആർ.എസ്.പി കോൺഗ്രസിനൊപ്പം യു.ഡി.എഫ് മുന്നണിയിലെത്തിയപ്പോഴും പഴയ പാർട്ടിയിലേക്ക് മടങ്ങിപ്പോകാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണയുടെ പദയാത്ര ആഴ്ചകൾക്ക് മുൻപ് കുന്നത്തൂരിലെത്തിയപ്പോൾ അതിന്റെ സംഘാടനത്തിനായി പ്രവർത്തകർക്കൊപ്പം നാണുമാസ്റ്റർ ഉണ്ടായിരുന്നു. അദ്ദേഹം വിട വാങ്ങുമ്പോൾ കുന്നത്തൂരിന് നഷ്ടമാകുന്നത് സാധാരണക്കാർക്കൊപ്പം നടന്ന അവരുടെ പ്രിയ നേതാവിനെയാണ്.