milma
തിരുവനന്തപുരം മിൽമ ക്ഷീര കർഷകർക്ക് കറവ പശുക്കളെ വാങ്ങുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന 40 കോടി രൂപയുടെ വായ്പ പദ്ധതി മന്ത്രി കെ.രാജു നിർവഹിക്കുന്നു

കൊല്ലം: റീബിൽഡ് കേരളാ പദ്ധതിയിൽ ക്ഷീരോത്പാദന മേഖലയ്ക്കായി 77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്ന് മന്ത്രി കെ.രാജു പ്രസ്താവിച്ചു. തിരുവനന്തപുരം മിൽമ ക്ഷീര കർഷകർക്ക് കറവ പശുക്കളെ വാങ്ങുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന 40 കോടി രൂപയുടെ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മേഖലാ യൂണിയൻ ആരംഭിക്കുന്ന 'തിരുവനന്തപുരം മിൽമ' എന്ന സാമൂഹിക മാദ്ധ്യമ പേജിന്റെ അനാവരണവും മന്ത്രി നിർവഹിച്ചു. മിൽമ നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും മികച്ചതാണ് വായ്പാ പദ്ധതിയെന്നും ഇതിലൂടെ 6,400 പശുക്കൾ പുതുതായി എത്തുന്നത് പാലുത്പാദന സ്വയം പര്യായ്പത എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ക്ഷീരകർഷർക്ക് അധിക വരുമാന ശ്രോതസായി മുട്ടക്കോഴി വളർത്തലും സുരക്ഷിത പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷനായി.

മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സക്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ എസ്.നിതിൻ പദ്ധതി വിശദീകരിച്ചു. തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറ്കടർമാരായ കരുമാടി മുരളി, രാജശേഖരൻ, ഗിരീഷ്‌ കുമാർ, സുശീല, ഷീജ എന്നിവർ പങ്കെടുത്തു. മേഖലാ യൂണിയൻ ഡയറ്കടർ അയ്യപ്പൻ നായർ സ്വാഗതവും ഡെയറി സീനിയർ മാനേജർ ജി.ഹരിഹരൻ നന്ദിയും പറഞ്ഞു.