അറസ്റ്റിലായത് രാമൻകുളങ്ങരയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ
കൊല്ലം: വീട്ടിലെ ഗോഡൗണിൽ നിന്ന് 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുൻ കോൺഗ്രസ് പ്രാദേശിക നേതാവ് പള്ളിമുക്ക് ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂറിനെ പൊലീസ് പിടികൂടി. രാമൻകുളങ്ങരയിലെ ഒരു വീട്ടിൽ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ട് വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. സമീപത്ത് ബിനോയ് ഷാനൂരിന്റെ വാഹനം കിടക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് വീട് വളഞ്ഞത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഷുഹൈബും ബിനോയിക്കൊപ്പം ഉണ്ടായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ബിനോയ് ഷാനൂറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
പള്ളിമുക്ക് പോസ്റ്റ് ഓഫീസിന് സമീപം തേജസ് നഗർ 152, നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ വീട്ടുവളപ്പിൽ നിറുത്തിയിട്ടിരുന്ന എയ്സ് വാഹനം, സമീപത്തെ ബിനോയ് ഷാനൂറിന്റെ വീട്ടിലെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ മാസം 19നാണ് സിറ്റി പൊലീസ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരിശോധനയിൽ 24 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60,000 പായ്‌ക്കറ്റ് വിവിധയിനം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് പൊതുവിപണയിൽ 20 ലക്ഷത്തോളം രൂപ വില മതിക്കും. ബിനോയ് ഷാനൂർ നടത്തുന്ന സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരം സിറ്റി ഷാഡോ പൊലീസ് സംഘത്തിനാണ് ലഭിച്ചത്. ഷാഡോ പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി വിവരം ശരിയാണെന്ന് ഉറപ്പിച്ച ശേഷമാണ് ഇരവിപുരം പൊലീസ് പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.