കുണ്ടറ: ഭർതൃഗൃഹത്തിൽ യുവതി മരിച്ചത് പീഡനം മൂലമാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനുക്കന്നൂർ ജിഷ്ണു നിവാസിൽ ജിഷ്ണുവിന്റെ ഭാര്യ പ്രിയങ്കയാണ് (മാളു, 29) ഭർതൃഗൃഹത്തിൽ മരിച്ചത്. കഴിഞ്ഞ നാലിന് രാവിലെയാണ് പ്രിയങ്കയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കൾ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രിയങ്കയുടെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കരീപ്ര പ്ലാക്കോട് മാടശേരിവീട്ടിലാണ് പ്രിയങ്കയുടെ സംസ്‌കാരം നടത്തിയത്. പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ ശ്രീവിദ്യയാണ് കുണ്ടറ പൊലീസിൽ പരാതി നൽകിയത്. മകൾക്ക് സുഖമില്ലെന്ന് അറിഞ്ഞ് ആശുപത്രിയിലെത്തിയ അമ്മയും സഹോദരനും പ്രിയങ്കയുടെ മൃതദേഹമാണ് കണ്ടത്.
ജിഷ്ണുവും പ്രിയങ്കയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അഞ്ച് വയസുള്ള മകനുമുണ്ട്. വീടും പറമ്പും വാങ്ങി നൽകിയതുൾപ്പെടെ പ്രിയങ്കയുടെ വീട്ടിൽനിന്ന് നിരവധി സഹായങ്ങൾ നൽകിവന്നിരുന്നു. ജിഷ്ണു മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പ്രിയങ്കയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കൊറ്റങ്കര കോട്ടാച്ചിറ നന്ദനത്തിൽ വിരമിച്ച സൈനികൻ മധുസൂദനൻ പിള്ളയുടെ മകളാണ് പ്രിയങ്ക.നിലവിൽ കുണ്ടറ പൊലീസ് സ്‌റ്റേഷനിൽ പ്രിയങ്ക ഭർതൃപീഡനത്തിന് പരാതി നൽകിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ജിഷ്ണുവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തിരുന്നു. വിശദാംശങ്ങൾ ലഭിക്കുന്നതിനായി പ്രിയങ്കയുടെ ഫോൺ സൈബർ സെല്ലിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.