lory
ഇതരസംസ്ഥാന ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കൈവരികൾ തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ

കൊട്ടിയം: ഇതരസംസ്ഥാന ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കൈവരികൾ തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആന്ധ്രയിൽ നിന്ന് അരിയുമായി വന്ന ലോറിയാണ് ദേശീയപാതയിലെ ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ വച്ച് മറിഞ്ഞത്. മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. കായംകുളത്ത് അരി ഇറക്കിയതിന് ശേഷം തിരുവനന്തപുരം വഴി തൂത്ത്ക്കുടിയിലേക്ക് പോകും വഴിയാണ് അപകടം. ലോറിയിൽ ആന്ധ്രയിലെ കൃഷ്ണ ജില്ലക്കാരായ ഡ്രൈവറും ക്ലീനറും മാത്രമാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളില്ല. അപകടത്തിൽ
ഇലക്ട്രിക് പോസ്റ്റും ബാങ്കിന്റെ പരസ്യബോർഡുകളും കൽപ്പടവുകളും തകർന്നു. തൊട്ടടുത്തു തന്നെ വാഴപ്പള്ളി എൽ.പി സ്കൂൾ, ബാങ്ക് ,ബസ് സ്റ്റോപ്പ്‌ എന്നിവ ഉണ്ടായിരുന്നു. ഇവിടെ ആളുകൾ ഇല്ലാതിരുന്നത്തിനാലാണ് അപകടം ഒഴിവായത്. അപകടം മൂലമുണ്ടായ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഹൈവേ പൊലീസെത്തിയാണ് പരിഹരിച്ചത്. കൊട്ടിയം പൊലീസ് കേസെടുത്തു.