photo

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ ചരിത്ര നേട്ടമായ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം നാളെ നാടിന് സമർപ്പിക്കും. 2015 ഏപ്രിൽ 30ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ശിലപാകിയ മന്ദിരമാണ് ഇപ്പോൾ പൂർത്തിയായത്. കെ.എൻ. സത്യപാലൻ യൂണിയൻ പ്രസിഡന്റായിരിക്കെ നിർമ്മിച്ച കനകജൂബിലി ബഹുനില മന്ദിരംകൂടി സമന്വയിപ്പിച്ചാണ് മനോഹരമായ ഒറ്റ കെട്ടിട സമുച്ചയമാക്കി മാറ്റിയത്.

കൊല്ലം- തിരുമംഗലം ദേശീയപാതയോരത്തായി രൂപകല്പനാ വൈവിദ്ധ്യവും നിറക്കൂട്ട് ചാരുതയും ഒത്തുചേരുന്ന പ്ളാറ്റിനം ജൂബിലി സ്മാരകത്തിന് മുന്നിലായി വർക്കല മണി രൂപകല്പന ചെയ്ത ആർ. ശങ്കറിന്റെ പൂർണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. നാല് നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് മന്ദിരം. ഓഫീസ് സമുച്ചയത്തിന് മുൻ യോഗം വൈസ് പ്രസിഡന്റ് കെ.എൻ. സത്യപാലന്റെയും പ്രാർത്ഥനാ ഹാളിന് മുൻ യൂണിയൻ രസിഡന്റ് ഗുരുദാസിന്റെയും നാമമാണ് നൽകിയിട്ടുള്ളത്. ഗുരുക്ഷേത്രവും കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളുമാണ് ഓഫീസ് സമുച്ചയത്തോട് അനുബന്ധിച്ചുണ്ടാവുക.

ബാങ്ക്, വ്യവസായ-വ്യാപാര സ്ഥാപനങ്ങൾ എന്നിവ രണ്ട് നിലകളിലായി ക്രമീകരിക്കും. യൂണിയൻ നേതൃത്വം നൽകുന്ന കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ഇവിടെ പ്രവർത്തിക്കും. 1938ൽ ആണ് കൊട്ടാരക്കര യൂണിയൻ രൂപീകരിച്ചത്. ആർ.ശങ്കർ പ്രസിഡന്റും പപ്പു വക്കീൽ സെക്രട്ടറിയുമായിട്ടായിരുന്നു തുടക്കം. ഇന്ന് 92 ശാഖകളുള്ള കേരളത്തിലെ പ്രബല യൂണിയനായി കൊട്ടാരക്കര മാറി. ജി.ഗു രുദാസൻ യൂണിയൻ പ്രസിഡന്റായിരുന്ന വേളയിലാണ് യൂണിയന്റെ ആസ്ഥാന മന്ദിരത്തിന് ഭൂമി എന്ന ലക്ഷ്യം സാദ്ധ്യമായത്. കെ.എൻ. സത്യപാലൻ പ്രസിഡന്റായിരിക്കെ താമരക്കുടിയിൽ യൂണിയന് സംഭാവനയായി ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രവും ലഭിച്ചു.

ഇവിടം നവീകരിച്ച് പുന:പ്രതിഷ്ഠ നടത്താനുമായി. വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുടുംബ യൂണിറ്റ് പ്രാർത്ഥനാ സമിതികളെ സുസജ്ജമാക്കിയാണ് യൂണിയൻ പ്രവർത്തന മികവിലെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യൂണിയൻ മുൻതൂക്കം നൽകി. 32 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകിയും നിർധന രോഗികളെ സഹായിച്ചും പഠന സഹായങ്ങൾ നൽകിയുമൊക്കെയായി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പ്ളാറ്റിനം ജൂബിലി സ്മാരകം ശ്രീനാരായണ സമൂഹത്തിന് സമർപ്പിക്കുന്നതോടെ യൂണിയന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ മികവ് കൂടുതൽ പ്രകടമാവുകയാണ്.

മന്ദിരം വെള്ളാപ്പള്ളി നാടിന് സമർപ്പിക്കും

പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം നാളെ രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് എം.എൻ. സോമൻ ജി. ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും മുതിർന്ന നേതാക്കൻമാരെ ആദരിക്കലും നിർവഹിക്കും.

കെ.എൻ. സത്യപാലൻ സ്മാരക ഓഫീസ് സമുച്ചയം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ ക്ഷേത്രസമർപ്പണം നടത്തും. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കലാപ്രതിഭകളെ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദരിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണവും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, യോഗം കൗൺസിലർമാർ, ബോർഡ് മെമ്പർമാർ, യൂണിയൻ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് നേതാക്കൾ എന്നിവർ പങ്കെടുക്കും.