c
ഉമ്മൻചാണ്ടി

കൊല്ലം: തോക്കുകളും തിരകളും കാണാതായത് സംബന്ധിച്ച് സി ആൻഡ് എ.ജി റിപ്പോർട്ട് പുറത്തുവന്നതിനുശേഷവും ജുഡീഷ്യൽ അന്വേഷണം നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തതെന്തെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ചോദിച്ചു. സി ആൻഡ് എ.ജി റിപ്പോർട്ടിൻമേലുള്ള സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പൊലീസിലെ അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പൊലീസ് സ്‌റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. സർക്കാർ അഴിമതി രഹിതമെന്ന് പറഞ്ഞു നടക്കുന്നു. ഇൗ മുഖം മൂടിയാണ് സി ആൻഡ് എ.ജി റിപ്പോർട്ടിലൂടെ അഴിഞ്ഞുവീണത്. നാലുകൊല്ലത്തെ ഇടതുപക്ഷ കാപട്യമാണ് പുറത്തായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, നേതാക്കളായ പ്രയാർ ഗോപാലകൃഷ്ണൻ, പ്രൊഫ.ഇ. മേരീദാസൻ, പി. ജർമിയാസ്, വിപിനചന്ദ്രൻ, അൻസാർ അസീസ്, ജയപ്രകാശ്, ഗീതാകൃഷ്ണൻ. ഡി. സ്യമന്തഭദ്രൻ തുടങ്ങിയവർ

പങ്കെടുത്തു.

.............................................................

പിണറായി ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നു. വിഴിഞ്ഞം കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഞാനാണ്. കാരണം ഞങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലായിരുന്നു. തോക്കുകൾ കാണാതാവുകയും പിന്നീട് അത് ഹാജരാക്കാമെന്ന് പറയുകയും ചെയ്തവരോട് വിശദീകരണം ചോദിച്ചിട്ടില്ല. തോക്ക് കണ്ടെത്തിയില്ലെങ്കിൽ അത് വലിയ പ്രശ്‌നത്തിനിടയാക്കുമെന്ന് ഭയന്നാണ് കണ്ടെത്തിയെന്ന് പറയുന്നത്. തോക്കുകൾ ആര് എവിടെ നിന്ന് എങ്ങനെ കണ്ടെത്തിയെന്ന് വ്യക്തമാക്കണം.

ഉമ്മൻ ചാണ്ടി