കരുനാഗപ്പള്ളി: സ്നേഹതീരം സുനാമി പുനരധിവാസ കോളനിയിലെ മിനി ഒാഡിറ്റോറിയത്തിന്റെ മേൽക്കൂര തകർച്ചാ ഭീഷണിയിലാണെന്ന് നാട്ടുകാരുടെ പരാതി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 21-ാം വാർഡിലാണ് സ്നേഹതീരം സുനാമി കോളനി സ്ഥിതി ചെയ്യുന്നത്. 15 വർഷങ്ങൾക്ക് മുമ്പാണ് സുനാമി പുനരധിവാസ കോളനിയിൽ മിനി ഒാഡിറ്റോറിയം നിർമ്മിച്ചത്. സുനാമി ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ വേണ്ടി നിർമ്മിച്ച വീടുകളുടെ സമീപത്താണ് മിനി ഒാഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. മിനി ഒാഡിറ്റോറിയത്തിന്റെ മേൽക്കൂര പൂർണമായും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാലപ്പഴക്കത്തിൽ മേൽക്കൂരയുടെ ചില ഭാഗങ്ങൾ ഇളകി വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒാഡിറ്റോറിയത്തിൽ നൂറോളം പേർക്ക് ഇരിക്കാൻ കഴിയും. കേടുപാട് സംഭവിച്ച പ്ലാസ്റ്റിക് മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്ത പുതിയ മേൽക്കൂര നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേൽക്കൂര കോൺക്രീറ്റ് ചെയ്താൽ വർഷങ്ങളോളം ഒാഡിറ്റോറിയം ഉപയോഗിക്കാൻ കഴിയും. ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒാഡിറ്റോറിയത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യണം
നാട്ടുകാർ
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ 21-ാം വാർഡിലെ സ്നേഹതീരം സുനാമി കോളനിയിൽ 15 വർഷങ്ങൾക്ക് മുമ്പാണ് മിനി ഒാഡിറ്റോറിയം നിർമ്മിച്ചത്.
പരിപാടികൾ നടത്തുന്നത് പുറത്ത്!
സുനാമി കോളനിയിലെ വിവാഹം ഉൾപ്പെടെയുള്ള എല്ലാ മംഗള കർമ്മങ്ങളും നടത്തിയിരുന്നത് ഈ ഒാഡിറ്റോറിയത്തിലായിരുന്നു. കുട്ടികളുടെ കലാപരിപാടികളും ഇവിടെ വെച്ച് നടത്തിയിരുന്നു. ഒാഡിറ്റോറിയത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതോടെയാണ് എല്ലാ പരിപാടികളും നിറുത്തി വെച്ചത്. ഇപ്പോൾ എല്ലാ ചടങ്ങുകളും പുറത്ത് വാടകയ്ക്ക് എടുക്കുന്ന സ്ഥലത്താണ് സംഘടിപ്പിക്കുന്നത്.
മഴ വന്നാൽ വെള്ളക്കെട്ട്
മഴ സീസണിൽ മിനി ഒാഡിറ്റോറിയം വെള്ളക്കെട്ടായി മാറും. മുമ്പ് കോളനിക്കാർ വൈകുന്നേരങ്ങളിൽ ഒാഡിറ്റോറിയത്തിൽ ഒത്തുകൂടിയിരുന്നു. നിലവിൽ കോളനിയിലെ മുതിർന്നവർ പോലും അപകടം ഭയന്ന് ഇവിടെ ഇരിക്കാറില്ല. ഒാഡിറ്റോറിയം നിർമ്മിച്ചതിന് ശേഷം ഒരിക്കൽ പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു.