road
റോഡ് പണിക്ക് തടസമായ നിലിയിൽ സ്ഥിതി ചെയ്യുന്ന മണ്ണുകൊണ്ടുണ്ടാക്കിയ മതിൽ

റോഡിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 15 വർഷം

പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്ത് 2-ാം വാർഡിലെ ചെമ്പ്രാമൺ തുരുത്തിക്കോണത്ത് നിവാസികളുടെ റോഡ് എന്ന സ്വപ്നം ഇനിയും യാഥാർത്ഥ്യമാകുന്നില്ല. ചെമ്പ്രാമൺ - തുരുത്തിക്കോണം - ചിറക്കരോട് അര കിലോമീറ്റർ ദൂരം വരുന്ന റോഡ് പണിയാണ് പൂർത്തിയാകാത്തത്. റോഡിലേക്ക് തള്ളി നിൽക്കുന്ന മണ്ണുകൊണ്ടുണ്ടാക്കിയ മതിൽ കാരണമാണ് റോഡ് പണി മുടങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്തൊഴികെ വാഹനങ്ങൾക്ക് വരാൻ കഴിയുന്ന തരത്തിലുള്ള വീതിയിൽ റോഡ് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. റോഡ് യാഥാർത്ഥ്യമായാൽ പ്രദേശത്തെ ഇരുപതോളം വരുന്ന കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന് പുറമേ മറ്റ് യാത്രക്കാർക്ക് പുന്നല റോഡിൽ എത്തുന്നതിനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. വാഹനം കടന്നു പോകാത്തതിനാൽ പ്രദേശത്തെ രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥയാണ്. റോഡ് പണിക്ക് പഞ്ചായത്തിൽ നിന്ന് പലതവണ തുക അനുവദിച്ചെങ്കിലും ഒരു ഭാഗത്ത് റോഡിലേക്ക് ചേർന്ന് മതിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫണ്ട് ലാപ്സാവുകയായിരുന്നു. വിദ്യാർത്ഥികളും തോട്ടം മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളുമടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

നാല്പത് കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കുന്ന അദ്ധ്യാപികയാണ് ഞാൻ. കുട്ടികൾ വളരെ പണിപ്പെട്ടാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. വിജയശ്രീ (തുരുത്തിക്കോണം)

പുന്നല രണ്ടാം വാർഡിൽ 2010-15 വർഷത്തിൽ ചിറക്കരോട് _ തുരുത്തിക്കോണം റോഡ് നിർമ്മാണത്തിന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ഫണ്ട് വകയിരുത്തിയിരുന്നു. മതിലിന്റെ പ്രശ്നം കാരണമാണ് റോഡ് പണി നടക്കാതിരുന്നത്. റോഡ് നിർമ്മിക്കാൻ പ്രദേശവാസികൾ ഒറ്റക്കെട്ടായി നൽക്കണം.

ബൈജു (ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് അംഗം )