c
പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയ അച്ചൻകോവിൽ നിവാസികളും ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റും തമ്മിലുണ്ടായ തർക്കം

പുനലൂർ: നവീകരണം ആരംഭിച്ച അലിമുക്ക്-അച്ചൻകോവിൽ വന പാതയുടെ പണി നിറുത്തി കരാറുകാരൻ മുങ്ങിയതിൽ പ്രതിഷേധിച്ച് പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിലെത്തിയ പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിയ മലയോര നിവാസികൾ റോഡ് പണി പനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യോഗത്തിൽ പങ്കെടുത്ത പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന് നിവേദനം നൽകി. തുടർന്ന് കോൺഗ്രസ് നേതാക്കളുടെ സംസാരം നീണ്ട് പോയതിൽ പ്രകോപിതനായ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് പ്രവത്തകരും തമ്മിൽ അര മണിക്കൂറോളം വാക്കേറ്റവും ഉന്തും തളളുമുണ്ടായി. തുടർന്ന് റോഡ് പണി ഉടൻ പൂർത്തിയാക്കാനുളള നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ ഉറപ്പ് നൽകിയതോടെ സമരക്കാർ ശാന്തരമായി. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, ജില്ലാ സെക്രട്ടറി ഏരൂർ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജ്ഖാൻ, ബിനു ശിവപ്രസാദ്, സുകുമാരൻ, റഷീദ് കുട്ടി, അശോകൻ തുടങ്ങിയവരാണ് നിവേദനം നൽകാനായി യോഗത്തിലെത്തിയത്. പുനലൂർ താലൂക്ക് തഹസിൽദാർ ജി. നിർമ്മൽ കുമാർ, തഹസിൽദാർ ബിനുരാജ്(എൽ-ആർ), തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള, പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.