കൊല്ലം: നാലാം ക്ലാസ് തുല്യതാ പരീക്ഷ 105-ാം വയസിൽ വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി കെ. ഭാഗീരഥിഅമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള ഡൽഹി യാത്ര അനാരോഗ്യത്തെ തുടർന്ന് ഉപേക്ഷിച്ചു. ഇക്കാര്യം ജില്ലാ കളക്ടർ മുഖേനെ കേന്ദ്ര സർക്കാരിനെ അറിയിച്ചു. താമസിയാതെ അധികൃതർ വീട്ടിലെത്തി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ മാസം 23ന് സംപ്രേഷണം ചെയ്‌ത പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥിഅമ്മയെ അഭിനന്ദിച്ചതോടെയാണ് ആ വിജയം രാജ്യമറിഞ്ഞത്.
പ്രാക്കുളം ഗവ. എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പഠനം നിറുത്തിയ ഭാഗീരഥിഅമ്മ കഴിഞ്ഞ വർഷമാണ് നാലാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാനിരുന്നത്. കണക്കിന് മുഴുവൻ മാർക്ക് ഉൾപ്പെടെ 75 ശതമാനം മാർക്കോടെ ആയിരുന്നു വിജയം. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഭാഗീരഥിഅമ്മ.