c
കളക്ടറേറ്റിലെ 'മാന്ത്രിക നിമിഷങ്ങൾ' എങ്കിലും കളക്ടർ സാറെ ഇത് ഇത്തിരി കൂടിപ്പോയി...

കൊല്ലം: 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട... കൊച്ചി കണ്ടവന് അച്ചി വേണ്ട ' എന്നൊക്കെയുള്ള പഴഞ്ചൊലുകൾ കൊല്ലംകാരൻ കേട്ടിട്ടുണ്ട്. ഇല്ലത്ത് പോകാതിരിക്കുന്നത് കൊല്ലത്തോടുള്ള മോഹം കൊണ്ടാണ്. അത് മനോഹരമായ സൗധങ്ങളുണ്ടായതുകൊണ്ടാകാം, സന്തോഷത്തോടെ കഴിയാനുള്ള ഇടങ്ങളെക്കണ്ടതുകൊണ്ടാവാം, ഭക്ഷണം കഴിക്കാനും സൊറ പറഞ്ഞിരിക്കാനും പണ്ട് സത്രങ്ങളുണ്ടായിരുന്നതുകൊണ്ടുമാവാം.

ഇല്ലത്ത് പോകാത്തവരോ, താമസിച്ച് പോകുന്നവരോ, രാത്രി ജോലിക്കാരോ ഒക്കെയായ' ആരൊക്കെയോ' ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിൽ സ്ഥിരമായി 'വിദേശക്കള്ള് ' കുടിക്കുന്നതിന്റെ തെളിവ് കുപ്പികളുടെ ചിത്രം സഹിതമാണ് കേരളകൗമുദി വെള്ളിയാഴ്ച പുറത്തുവിട്ടത്. മദ്യപിക്കാൻ ആർക്കും അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുകയല്ല. ബാറിലോ വീട്ടിലോ എവിടാന്നുവച്ചാൽ ആയിക്കോ. പക്ഷേ അത് കളക്ടറേറ്റിൽ വേണോ. കുറച്ച് നാണക്കേടല്ലേ എന്നാണ് കൊല്ലംകാരന് സംശയം.

കളക്ടർ ഏറ്റവും ജനകീയനാണെന്നും സാധാരണക്കാരന്റെ ഹൃദയനൊമ്പരങ്ങൾ അറിയാവുന്നയാളാണെന്നും നാട്ടുകാർക്കറിയാം. ഇത്ര ഹൃദയവിശാലതയും സാധാരണത്വവുമുള്ള കളക്ടർമാർ അപൂർവമായേ കൊല്ലത്ത് വന്നിട്ടുള്ളുവെന്നതും പരമാർത്ഥമാണ്. രാഷ്ട്രമീമാംസാ വിദ്യാർഥികൾ കളക്ടർമാരെപ്പറ്റി പണ്ട് ബ്രിട്ടീഷുകാർ പറഞ്ഞതെല്ലാം അപ്പടിയാണ് ഇപ്പഴും പഠിക്കുന്നത്. കളക്ടർ എന്നാൽ ജില്ലയുടെ 'കണ്ണും കാതുമാണ് '. കളക്ടർ അറിയാതെ ജില്ലയിലൊന്നും നടപ്പില്ല എന്നൊക്കെയാണ് പുസ്തകത്തിൽ. ജില്ലാ പഞ്ചായത്തൊക്കെ വന്നെങ്കിലും ഭരണ സിരാകേന്ദ്രം ഇപ്പോഴും കളക്ടറേറ്റ് തന്നെയെന്നാണ് വിശ്വാസം.

അവിടെയിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തൊട്ടുമുന്നിൽ നടക്കാൻ പാടുണ്ടോ? സർ, അങ്ങയുടെ മുക്കിനു താഴെ മദ്യക്കുപ്പികൾ കണ്ടെത്തിയ വിവരം അറിഞ്ഞമാത്രയിൽ തന്നെ അത് കണ്ടെത്താൻ സംവിധാനം ഉണ്ടാക്കേണ്ടതല്ലേ? പണ്ടെങ്ങാണ്ട് ആരോ കൊണ്ടുവച്ച കുപ്പിയാകാം, മുകളിൽ നിന്ന് പറന്നുവന്നതാകാം, അറിയാതെ ബാറിൽ നിന്ന് ഇറങ്ങിയോടിയതാകാം എന്നൊക്കെ ചില ' ഉദ്യോഗസ്ഥരും നേതാക്കളും' അങ്ങയെ ധരിപ്പിച്ചിട്ടുണ്ടാവും. അതല്ല സത്യമെന്ന് അങ്ങേയ്ക്ക് ബോദ്ധ്യവുമുണ്ടാവും. പക്ഷേ ഇനിയെങ്കിലും ഇത്തരം സംഭവങ്ങളൊന്നും ഇവിടെ പാടില്ലെന്നറിയിക്കാൻ ഒരു അടിയന്തര യോഗമെങ്കിലും വിളിക്കാമായിരുന്നു. ഇതുവരെ അതുണ്ടായില്ലെന്നാണ് കൊല്ലംകാരനറിഞ്ഞത്. ഇതുകൊണ്ട് കളക്ടറേറ്റിൽ ഇനിയും' മാന്ത്രിക നിമിഷങ്ങളുടെ' സമയ സല്ലാപങ്ങൾ കൂടാനിടയുണ്ട്.

സ്ത്രീകളടക്കം നൂറുകണക്കിന് ജീവനക്കാരുണ്ടല്ലോ കളക്ടറേറ്റിൽ. ഇതിൽ 90 ശതമാനവും നല്ല ഉദ്യോഗസ്ഥർ തന്നെയായിരിക്കാം. പത്തുശതമാനമോ അതിൽ താഴെയോ ഉള്ളവരാകാം നാണം കെടുത്താനായി ഇത്തരം പ്രവൃത്തികൾ

നടത്തുക. വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന ജനത്തെ തേരാപാരാ നടത്താനും മത്സരിക്കുന്ന വിഭാഗവും ഈ പത്ത് ശതമാനത്തിലുണ്ട്. നിസാരകാര്യങ്ങൾപോലും നടക്കാതെ കരഞ്ഞുകൊണ്ട് കളക്ടറേറ്റിൽ ഇരിക്കുന്ന ഒത്തിരി സാധാണക്കാരെ കൊല്ലംകാരൻ കണ്ടിട്ടുമുണ്ട്. അവരൊക്കെ പറഞ്ഞു നടക്കില്ലേ ഇവൻമാർക്കെല്ലാം കളക്ടറേറ്റിൽ പണി കള്ളുകുടിയാണെന്ന്.

കളക്ടറേ ഇതൊക്കെ വന്നു വീഴുന്നത് ഭരിക്കുന്ന പാർട്ടിയുടെ നെഞ്ചത്തല്ലേ?

നടപടി വൈകുന്നത് ഭരണത്തെയും നാണംകെടുത്തില്ലേ. നടപടി മുഖം നോക്കാതെ വേണം കേട്ടോ. അല്ലെങ്കിൽ ശുപാർശകളിൽ തോറ്റുപോകും. ഒത്തിരി പണ്ടല്ലാത്ത ഒരു നാളിൽ ഒരു ഓഫീസർ ഇതേ കളക്ടറേറ്റിലിരുന്ന് പൂസായി ഉറങ്ങിപ്പോയി. വീട്ടിൽപോയ കളക്ടർ മടങ്ങിയെത്തി ഛർദ്ദിച്ചവശനായ

പുള്ളിക്കാരനെ വീട്ടിലെത്തിച്ചതിനൊപ്പം രാത്രി തന്നെ സസ്‌പെൻഷൻ ഉത്തരവും കൊടുത്തു. പല ഫയലുകളും കാണാതാകുന്നു എന്ന പരാതി വന്നിരുന്ന ഈ ഓഫീസിൽ രണ്ടുമാസത്തോളം പുള്ളിക്കാരന് എത്താനായില്ല. അന്നത്തെ ഭരണപക്ഷ സർവീസ് സംഘടന കള്ളുകുടിയനുവേണ്ടി കളക്ടറെ ഒന്നു വിരട്ടിനോക്കി. കളക്ടറുണ്ടോ വിടുന്നു. പിന്നീട് റവന്യൂ മന്ത്രിയുടെ വകയായി സമ്മർദ്ദം. എന്നിട്ടും വഴങ്ങാത്ത കളക്ടറെ പക്ഷേ മുഖ്യമന്ത്രി സംരക്ഷിച്ചു. കുടിയൻപുള്ളി പിന്നെ കുറച്ചു ദൂരെനിന്നാണ് പെൻഷൻ പറ്റിയത്.

ഇതോടെ മദ്യപാനം പാടെ കളക്ടറേറ്റിൽ ഇല്ലാതായതാണ്. ദാ വീണ്ടും മടങ്ങിയെത്തി. ഇവിടെനിന്ന് മുമ്പ് ചെമ്പുതകിട് അടിച്ചുമാറ്റിയ സംഭവമുണ്ട്. ലക്ഷങ്ങളുടെ തട്ടിപ്പിന്റെ പിന്നിലുള്ളവരെ സംരക്ഷിച്ച വഴികൾ പറഞ്ഞാൽ പലരുടെയും കറുത്തകൈകൾ പുറത്തറിയും. പറയാതിരിക്കുന്നത് പേടിച്ചിട്ടില്ല ഒരുപാട് നല്ലവരുള്ള ചില സംഘടനയൊക്കെ വല്ലാതെ നാറിപ്പോകും. അതുകൊണ്ടാണേ... കളക്ടറേറ്റിലിരുന്ന് മദ്യപിക്കുന്നവർക്കായി കളക്ടറോടു വക്കാലത്തു പറയാൻ സർവീസ് സംഘടനകൾ പോകരുതെന്നാണ് കൊല്ലംകാരന് പറയാനുള്ളത്. നിങ്ങളുടെ മുന്നിലുള്ള ഒരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുന്ന നാടാണിത്. അത്തരം ഒത്തിരി ഫയലുകൾ നമ്മുടെ കളക്ടറേറ്റിലുമുണ്ട്. പടികയറിവരുന്നവർ മദ്യകുപ്പികൾ കണ്ട് കളക്ടറെ നാണം കെടുത്തരുത്. പുറത്ത് ഇതൊക്കെ പറഞ്ഞുനടക്കാൻ അവസരവുമുണ്ടാക്കരുത്.

കർഷകനും ക‌ർഷക തൊഴിലാളിയും കശഅണ്ടിത്തൊഴിലാളിയും ഒത്തിരി സാധാരണക്കാരുമുണ്ടിവിടെ. കളക്ടറേറ്റിലേക്ക് അവർ വരുന്നത് മനസിൽ കൊച്ചുകൊച്ചു മോഹങ്ങൾ നിറച്ചാണ്. കളക്ടറേറ്റിനെ അവരൊക്കെ ഭയഭക്തിയോടെയാണ് കാണുന്നതും. കളക്ടർ ഇരിക്കുന്ന സ്ഥലം അവർക്കെല്ലാം പ്രതീക്ഷയുടെ ശ്രീകോവിലാണ്. പ്ലീസ് അത് തല്ലിക്കെടുത്തരുത്...