c
വെള്ളാപ്പള്ളി നടേശൻ

 യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ താക്കോൽദാനം നിർവഹിക്കും

കൊല്ലം: വെള്ളാപ്പള്ളി നടേശൻ സ്നേഹ ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ നിർമ്മിച്ച ആദ്യ വീടിന്റെ സമർപ്പണം ഇന്ന് നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ,​ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൺറോതുരുത്ത് പട്ടംതുരുത്ത് എസ്.കെ. നിവാസിൽ പി. അജീനയ്‌ക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.

വൈകിട്ട് 5.30ന് 523-ാം നമ്പർ പട്ടംതുരുത്ത് ശാഖയുടെ നിയന്ത്രണത്തിലുള്ള ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര മൈതാനത്ത് ഭവന സമർപ്പണ സമ്മേളനം നടക്കും. സാമൂഹിക അസമത്വം ഇല്ലാതാക്കി എല്ലാവർക്കും സാമൂഹിക നീതി ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭവന പദ്ധതി നടപ്പിലാക്കുന്നത്.

സമ്മേളനത്തിൽ കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദവേൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, കുണ്ടറ യൂണിയൻ മുൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, എസ്.എൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് അജുലാൽ, യോഗം മുൻ അസി. സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, സിബു വൈഷ്‌ണവ്, എസ്. അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു.

 800 സ്‌ക്വയർ ഫീറ്റ് വീട്

കുണ്ടറ യൂണിയൻ ഫണ്ടിൽ നിന്നുള്ള 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് 800 സ്‌ക്വയർ ഫീറ്റിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത്. നിരവധി നിർമ്മാണ തൊഴിലാളികളും യോഗം പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് വീട് നിർമ്മാണത്തിൽ പങ്കാളികളായത്. ഇതോടെയാണ് നിർമ്മാണ ചെലവ് വൻതോതിൽ കുറഞ്ഞത്. രണ്ട് കിടപ്പ് മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വീട്ടിലുണ്ട്.