കൊല്ലം: നാലാം ക്ലാസ് തുല്ല്യതാ പരീക്ഷ 105-ാം വയസിൽ വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി കെ. ഭാഗീരഥിഅമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള ഡൽഹി യാത്ര അനാരോഗ്യത്തെ തുടർന്ന് ഉപേക്ഷിച്ചു.
സ്ത്രീ ശാക്തീകരണത്തിനുള്ള കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം ഇന്ന് രാഷട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങേണ്ടതായിരുന്നു. എന്നാൽ പ്രായത്തിന്റെ അവശതകൾ അലട്ടുന്നതിനാൽ പുരസ്‌കാരം നേരിട്ടെത്തി സ്വീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ മുഖേനെ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
കഴിഞ്ഞ മാസം 23ന് സംപ്രേഷണം ചെയ്‌ത പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥിഅമ്മയെ അഭിനന്ദിച്ചതോടെയാണ് സമാനതകളില്ലാത്ത വിജയം രാജ്യമറിഞ്ഞത്.
പ്രാക്കുളം ഗവ. എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പഠനം നിറുത്തിയ ഭാഗീരഥിഅമ്മ കഴിഞ്ഞ വർഷമാണ് നാലാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാനിരുന്നത്. കണക്കിന് മുഴുവൻ മാർക്ക് ഉൾപ്പെടെ 75 ശതമാനം മാർക്കോടെ ആയിരുന്നു വിജയം. അതോടെ കേരള സാക്ഷരത മിഷന്റെ ജില്ലയിലെ ബ്രാൻഡ് അംബാസിഡറായി അമ്മ മാറി. പ്രായം തളർത്താത്ത ഉത്സാഹത്തോടെ ഏഴാം ക്ലാസ് തുല്ല്യതാ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഭാഗീരഥിഅമ്മ ഇപ്പോൾ.
ആധാർ കാർഡ് ഇന്ന് ലഭിക്കും
ആധാർ കാർഡ് ഇല്ലാത്തതിനാൽ അമ്മയ്ക്ക് വാർദ്ധക്യ പെൻഷൻ നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രശംസ നൽകിയ സന്തോഷത്തിനിടയിലും പെൻഷൻ ലഭിക്കാത്തതിന്റെ സങ്കടത്തിലായിരുന്നു ഇവർ. ആധാർ എടുക്കാൻ അക്ഷയ കേന്ദ്രങ്ങളിൽ പല തവണ ശ്രമിച്ചെങ്കിലും കൈമുദ്ര പതിയാത്തതിനാൽ നടപടികൾ പൂർത്തിയായില്ല. വിവരമറിഞ്ഞ് ഇടപെട്ട ബാങ്ക് ഒഫ് ഇന്ത്യ നീറമൺകര ബ്രാഞ്ചാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) അംഗീകാരത്തോടെ ആധാർ കാർഡ് ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് രാവിലെ ബാങ്ക് അധികൃതർ വീട്ടിലെത്തി ആധാർ കാർഡ് കൈമാറും.
പ്രധാനമന്ത്രിയുടെ മൻ കീ ബാതിൽ നിന്ന്.....
നിങ്ങൾ ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നെങ്കിൽ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുത് എന്നതാണ് ആദ്യത്തെ നിബന്ധന. നമ്മുടെ 105 വയസുകാരി ഭാഗീരഥിഅമ്മ നമുക്ക് ആ പ്രേരണയാണ് നൽകുന്നത്. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിനെയും നഷ്ടപ്പെട്ടു.
പത്ത് വയസിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ഭാഗീരഥിഅമ്മ സ്വന്തം ഉത്സാഹം കൈവിട്ടില്ല. ഇപ്പോൾ 105-ാം വയസിൽ നാലാം ക്ലാസ് തുല്ല്യതാ പരീക്ഷ എഴുതി അക്ഷമയോടെ റിസൾട്ടിനായി കാത്തിരുന്നു. 75 ശതമാനം മാർക്കോടെ പാസായി. മാത്രമല്ല കണക്കിന് 100 ശതമാനം മാർക്ക് നേടി. ആ അമ്മ ഇനിയും പഠിക്കാൻ ആഗ്രഹിക്കുന്നു. തുടർന്നുള്ള പരീക്ഷകളും എഴുതാൻ ആഗ്രഹിക്കുന്നു. ഭാഗീരഥി അമ്മയെ പോലുള്ളവർ നാടിന്റ ശക്തിയാണ്. ഒരു വലിയ പ്രേരണാ സ്രോതസാണ്. വിശേഷാൽ പ്രണമിക്കുന്നു.