അഞ്ചാലുംമൂട്: കടവൂർ മുട്ടത്തുമൂല ഭാഗത്ത് കുടിവെള്ള ക്ഷാമം ദിനംപ്രതി രൂക്ഷമാകുന്നു. അതേസമയം പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത് ദുർഗന്ധപൂരിതമായ വെള്ളമാണെന്ന് നാട്ടുകാരുടെ പരാതിയുണ്ട്. പ്രദേശത്തെ രണ്ട് പമ്പ് ഹൗസുകൾ മാസങ്ങളായി പ്രവർത്തനം നിലച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
പമ്പ് ഹൗസുകൾ പണി മുടക്കിയതോടെ ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ സി.കെ.പിയിലേക്കുൾപ്പെടെയുള്ള കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ജനങ്ങളൊട്ടാകെ ദുരിതം അനുഭവിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
പമ്പ് ഹൗസ് പണി മുടക്കിയിട്ട് 8 മാസം
മുട്ടത്തുമൂല കുന്നുംപുറത്തെ പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചിട്ട് എട്ട് മാസം പിന്നിടുകയാണ്. രേഖകൾ പ്രകാരം കഴിഞ്ഞ ജൂൺ 20 നാണ് പമ്പ് ഹൗസ് പണി മുടക്കിയത്. ജൂലായ് 6ന് മോട്ടോർ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ പിന്നീട് വകുപ്പ് തലത്തിൽ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
തൊട്ടടുത്ത് തന്നെ മറ്റൊരു കുഴൽക്കിണർ കുഴിക്കാൻ നഗരസഭ തുക അനുവദിച്ചെങ്കിലും നടപടികളൊന്നും ഇതേവരെ മുന്നോട്ട് പോയിട്ടില്ല. അറ്റകുറ്റ പണികൾക്ക് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയതിനാലാണ് കേടായ മോട്ടോർ കൃത്യമായി പണി തീർത്ത് തിരികെ ലഭിക്കാൻ കാലതാമസമുണ്ടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
മുട്ടത്തുമൂല പരപ്പത്ത് മുക്കിലെ പമ്പ് ഹൗസിന്റെ പ്രവർത്തനവും എട്ട് ദിവസമായി നിലച്ചിരിക്കുകയാണ്. ഇവിടെയും മോട്ടോർ തകാരാറിലായതാണ് കാരണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എപ്പോൾ നന്നാക്കി കിട്ടുമെന്നോ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നോ ഉറപ്പ് നൽകാൻ അവർക്കാകുന്നില്ല.
" കോർപ്പറേഷൻ കൂടുതൽ ഗാർഹിക കണക്ഷനുകൾ അനുവദിച്ചത് മൂലം മോട്ടോറും പമ്പും കൂടുതൽ സമയം പ്രവർത്തിപ്പിച്ചതിനാലാണ് മോട്ടോർ കേടാകാൻ കാരണമായത്. ആവശ്യകത അനുസരിച്ച് കൂടുതൽ കുഴൽക്കിണറുകളും പമ്പ് ഹൗസുകളും അനുവദിക്കുന്നതിന് ശക്തമായ ഇടപെടലുണ്ടാകും. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കുന്നതിന് പമ്പ് ഹൗസുകളുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും "
എം. മുകേഷ് എം.എൽ.എ