കൊല്ലം: സംസ്ഥാനത്തെ മേയർമാരിൽ ശ്രദ്ധേയയാണ് കൊല്ലം മേയർ ഹണി ബഞ്ചമിൻ. ഇത് രണ്ടാം തവണയാണ് കൊല്ലം മേയറാകുന്നത്. 2015-16ൽ വനിതാ സംവരണത്തിലാണ് വിജയിച്ചതെങ്കിൽ ഇക്കുറി ജനറൽ സീറ്റിൽ വടക്കും ഭാഗത്തുനിന്നാണ് ഹണിയുടെ വിജയം. മേയറായതും ജനറൽ സീറ്റിൽ തന്നെ.
കൊല്ലത്തെ സി.പി.ഐയിൽ വേറെ ആളില്ലാഞ്ഞിട്ടല്ല ഹണി മേയറായത്. അവരുടെ മുൻപരിചയവും പ്രാഗത്ഭ്യം ഒന്നുകൊണ്ടുതന്നെ വനിതാ ദിനത്തിൽ മേയർ കൗമുദിയോട് മനസ് തുറക്കുന്നു.
കുടുംബം?
ഭർത്താവ് ആർ.എം.എസ് ജിവനക്കരനായ ബഞ്ചമിൻ ജോസഫ്.മക്കൾ ഹമിൻജോസഫ് ബഞ്ചമിനും സാന്ദ്രാ ജോസഫും.
കുടുംബിനി കൂടിയല്ലേ ?
അതെ. നാലര മണിക്ക് എഴുന്നേൽക്കും. വീട്ടിലെ പാചകവും മറ്റുജോലികളും
തനിയെ. ജോലിക്കാർ ആരുമില്ല. വീട്ടമ്മയുടെ മുഴുവൻ ചുമതലകളും ചെയ്യും. പിന്നീട് കോർപ്പറേഷനിലെത്തും. പിന്നെ ഭരണത്തിരക്കിലേക്ക്. മിക്കവാറും വീട്ടിലെത്താൻ പതിനൊന്ന് മണിയാകും. വീട്ടുജോലിയും കഴിഞ്ഞ് ഉറങ്ങാൻ പിന്നെയും വൈകും. ഇത് ദിനചര്യ.
ഭരണം നയിക്കുമ്പോൾ പ്രതിസന്ധികൾ?
പ്രതിസന്ധികളൊക്കെ ഇതിന്റെ ഭാഗമാണ്. സധൈര്യം നേരിടണം. ശരിയായ തീരുമാനവും സത്യസന്ധതയും ശരിപക്ഷവുമുണ്ടെങ്കിൽ പ്രശ്നങ്ങളെല്ലാം മറികടക്കാം. സ്ത്രീകൾക്ക് ചെയ്യാൻ കഴിയില്ല എന്ന് ചിലർക്കെങ്കിലും ഒരു അഭിപ്രായം വന്നേക്കാം. പക്ഷേ അങ്ങനെയല്ല പുരുഷനേക്കാൾ സത്യസന്ധമായി സ്ത്രീക്ക് സമൂഹത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്.
സ്ത്രീ ശാക്തീകരണത്തെപ്പറ്റി?
സ്ത്രീയെന്ന തോന്നൽ പോലും ഒരു ശക്തിയാണ്. സ്ത്രീക്ക് ഇത് ശരിയായ തീരുമാനമെടുക്കാൻ സഹായിക്കും. ഭാവിയും സമൂഹമര്യാദകളും യുവതികൾ നിർബന്ധമായും നോക്കണം. തെരുവിൽ പരസ്യമായി ചുംബിച്ചല്ല സ്ത്രീ ശാക്തീകരണം നടത്തുന്നത്. അതൊക്കെ വെറും ഷോ മാത്രം. അത് സമൂഹം മൊത്തത്തിൽ ഇഷ്ടപ്പെടുന്നുമില്ല. നിർഭയമായി ശരിയായി കാര്യങ്ങളെ ഗ്രഹിച്ച് യുവതികൾ നേതൃത്വങ്ങളിൽ എത്തണം. അമ്മയും വീട്ടമ്മയും ഭരണാധിപയും പൊലീസും ജ്ഡ്ജിയുമൊക്കെ ആകണം.
വനിതാ ദിനത്തിൽ മേയറുടെ വക വനിതകൾക്കായി എന്തെങ്കിലും?
ഉണ്ട്. നാലിടത്ത് വനിതാ സൗഹൃദ കേന്ദ്രങ്ങൾ ഞാൻ പ്രഖ്യാപിക്കുകയാണ്. കോർപ്പറേഷന്റെ ഈ കേന്ദ്രങ്ങളിൾ അമ്മമാർക്ക് മുലയൂട്ടാം, വിശ്രമിക്കാം. ശുചിമുറിയും കുടിവെള്ളവും വൈഫൈയും അടക്കമുളള സൗകര്യങ്ങളും ഉണ്ടാവും.