കൊല്ലം: വിമർശിച്ചാൽ കൈകാര്യം ചെയ്യാനുള്ള അധികാരവും കരുത്തും ഞങ്ങൾക്കുണ്ടെന്ന സർക്കാരിന്റെ ഭീഷണിയാണ് രണ്ട് മാദ്ധ്യമങ്ങളെ വിലക്കിയുള്ള ഉത്തരവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ ചാനലുകളുടെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടേയും ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് തങ്ങളുടെ രാഷ്ട്രീയവും അജണ്ടയും നടപ്പാക്കാമെന്ന് ധരിച്ചാൽ തിരിച്ചടി ഉണ്ടാകും. മാദ്ധ്യമ പ്രവർത്തകരുടെ മാത്രം പ്രശ്‌നമല്ല, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുള്ള പോരാട്ടമാണിതെന്നും എം.പി പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് അജിത് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്. വിജയൻ, പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷറർ സുജിത് സുരേന്ദ്രൻ, മുൻ ജില്ലാ സെക്രട്ടറി ഡി. ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.