കൊല്ലം: കെപ്കോ ഉത്പാദിപ്പിക്കുന്ന കേരള ചിക്കൻ വിതരണം ജില്ലയിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ചിറക്കര പഞ്ചായത്തിൽ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരാശ്രയം ലഭ്യമല്ലാത്ത വിധവകൾക്ക് ഇത്തരം ഉപജീവനമാർഗങ്ങൾ നൽകി അവരുടെ കരുതലും സംരക്ഷണവും ഉറപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉളിയനാട് ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല കോഴിത്തീറ്റ വിതരണം നിർവഹിച്ചു. കെപ്കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി,ആർ. ദീപു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രൊഫ വി.എസ്. ലീ, ബ്ലോക്ക് പഞ്ചായത്തംഗം മായാ സുരേഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
കെപ്കോ ആശ്രയ പദ്ധതി
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോഴിമുട്ട, മാംസം എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുകയാണ് കെപ്കോ ആശ്രയ പദ്ധതിയുടെ ലക്ഷ്യം. ചിറക്കര ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത 1560 വിധവകൾക്ക് പദ്ധതി പ്രകാരം കോഴികളും കോഴിത്തീറ്റയും മരുന്നുകളും വിതരണം ചെയ്തു. ഒരാൾക്ക് 10 കോഴിയും 10 കിലോ കോഴിത്തീറ്റയും മരുന്നുകളുമാണ് വിതരണം ചെയ്തത്. 25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.