തലച്ചിറ ബണ്ട് നവീകരണത്തോടെ പദ്ധതിക്ക് തുടക്കമാകും
കൊല്ലം: നഗരങ്ങളിൽ ലഭ്യമാകുന്ന ഗുണമേന്മയുള്ള സൗകര്യങ്ങൾ ഒരുക്കി ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നാഷണൽ റർബൻ മിഷൻ പദ്ധതിയടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കും.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ തലച്ചിറ ബണ്ട് നവീകരണത്തോടെയാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമിടുന്നത്. ചേരീക്കോണം തലച്ചിറയിൽ നടക്കുന്ന പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിക്കും.
120 കോടി രൂപയുടെ പദ്ധതികൾ
നെടുമ്പന, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 25000 മുതൽ 50000 വരെ ജനസംഖ്യ വരുന്ന സമീപത്തുള്ള ഗ്രാമങ്ങളെ ഉൾപ്പെടുത്തിയാണ് ക്ലസ്റ്റർ രൂപീകരിച്ചിട്ടുള്ളത്.
ക്ലസ്റ്ററിന്റെ സമഗ്ര വികസനത്തിനായി 120.15 കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 90.15 കോടി രൂപ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ കൺവെർജൻസ് ഫണ്ടും 30 കോടി രൂപ വികസന വിടവ് നികത്തുന്നതിനായി സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന ക്രിട്ടിക്കൽ ഗ്യാപ് ഫണ്ടുമാണ്. 30 കോടി രൂപയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
73.66 കോടി രൂപ
അടിസ്ഥാന വികസന മേഖലയിൽ കുടിവെള്ളം, ശുചിത്വം, വൈദ്യുതീകരണം, ശൗചാലയങ്ങൾ, റോഡുകൾ, തെരുവ് വിളക്കുകൾ, സോളാർ പാനലുകൾ, ഗ്യാസ് ക്രിമറ്റോറിയം തുടങ്ങിയ പദ്ധതികൾക്കായി 73.66 കോടി രൂപ.
23.95 കോടി രൂപ
പ്രാദേശിക സാമ്പത്തിക വികസനത്തിനായി 23.95 കോടി രൂപ.
22.55 കോടി രൂപ
സ്കൂളുകൾ, ഹോസ്പിറ്റലുകൾ, ബഡ്സ് സ്കൂളുകൾ, സിറ്റിസൺ സർവീസ് സെന്റർ, പട്ടികജാതി കോളനികളുടെ നവീകരണം എന്നിവയ്ക്കായി 22.55 കോടി രൂപ.