കൊല്ലം: സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ പരിപാലന നയത്തിന്റെ ഭാഗമായി പരവൂർ നഗരസഭയിലെ പാറയിൽകാവിലും ആയിരവില്ലിയിലും നിർമ്മിച്ച കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ആരോഗ്യ മേഖലയിൽ പരവൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
5000 പേർക്ക് ഒരു കുടുംബ ഉപകേന്ദ്രം എന്ന രീതിയിലാണ് പരവൂരിൽ 22 ലക്ഷം രൂപ ചെലവിൽ ഇവ നിർമ്മിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, എല്ലാ ആഴ്ചയിലും ഡോക്ടറുടെ സേവനം, ജീവിതശൈലീരോഗ ക്ലിനിക്കുകൾ, കിടപ്പിലായ രോഗികളുടെ ഭവന സന്ദർശനം, സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ കേന്ദ്രങ്ങളിൽ ലഭ്യമാകും. അടുത്തഘട്ടമെന്ന നിലയിൽ കോങ്ങാൽ, കോട്ടപ്പുറം, പെരുമ്പുഴ എന്നിവിടങ്ങളിലും ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും.
നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ആർ. ഷീബ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെ. യാക്കൂബ്, പി. നിഷാകുമാരി, വി. അംബിക, സുധീർ ചെല്ലപ്പൻ, വാർഡ് കൗൺസിലർമാരായ ജി. സുരേഷ് ബാബു, കെ. സിന്ധു, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ കെ.ആർ. അജിത്, രാജേന്ദ്ര പ്രസാദ്, സഹീറത്ത്, എസ്. ഷീല, ജയലാൽ ഉണ്ണിത്താൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അശോക്, പൊഴിക്കര എഫ്,ഡബ്ളിയു.സി മെഡിക്കൽ ഓഫീസർ ഡോ. അമല സൂസൻ സക്കറിയ എന്നിവർ സംസാരിച്ചു.
ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ, ആരോഗ്യ വകുപ്പ് പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.