kunnathur
കുന്നത്തൂരിലെ മുൻ എംഎൽഎ ടി.നാണു മാസ്റ്ററുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കുന്നു

കുന്നത്തൂർ: കുന്നത്തൂരിലെ മുൻ എം.എൽ.എയും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ ടി. നാണു മാസ്റ്റർ (78) ജന്മനാടിന്റെ അന്ത്യാഞ്ജലി. ആയിക്കുന്നത്തെ ചരിഞ്ഞവിള പുത്തൻവീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്ന് തവണ കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച നാണു മാസ്റ്റർക്ക് നാട് ഹൃദയം തൊട്ടാണ് യാത്രാമൊഴിയേകിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച പകൽ 1.30 ഓടെയായിരുന്നു അന്ത്യം.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് പൂർണ ഔദ്യോദിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.രാജു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി ഷിബു ബേബി ജോൺ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, മിൽമ മേഖലാ ചെയർമാൻ കല്ലട രമേശ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എ.എ.അസീസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.