ഓച്ചിറ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ക്ലാപ്പന വരവിള അഖിൽ ഭവനത്തിൽ അഖിൽഷായെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 3ന് രാത്രി 11ന് ക്ലാപ്പന കറുത്തേരിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ആക്രമണം നടന്നത്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് ക്ലാപ്പന വരവിള ബഷീർ ഭവനത്തിൽ ഷൈൻ ബഷീറിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് അഖിൽഷാ. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടൻകാട്ടിൽ ചാലിൽവീട്ടിൽ രജിത് (28), സുബിൻ ഭവനത്തിൽ സുബിൻ (20) എന്നിവരെ ഓച്ചിറ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ എസ്.എെ നൗഫൽ, പൊലീസ് ഉദ്യോഗസ്ഥരായ സുമേഷ്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.